പടന്ന: കഴിഞ്ഞദിവസം പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ സന്ദർശിക്കവേ ബന്ധുവായ യുവതിക്കും കടിയേറ്റു. വലിയപറമ്പിലെ നഫീസത്തിനാണ് കടിയേറ്റത്. പടന്ന വടക്കേപ്പുറത്ത് പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായ ഭർതൃവീട്ടിലെ കുഞ്ഞിനെ സന്ദർശിക്കുന്നതിനിടെയാണ് കടിയേറ്റത്. രാത്രി പതിനൊന്നോടെയാണ് ആക്രമണം. മുഖത്ത് പരിക്കേറ്റ യുവതി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സതേടി.
രൂക്ഷമായ തെരുവുനായുടെ ശല്യത്തിനിടെ പേപ്പട്ടിയുടെ ആക്രമണവുമുണ്ടായത് നാട്ടുകാരെ ഭീതിയിലാക്കി. മദ്റസയിലും സ്കൂളിലും പിഞ്ചുകുഞ്ഞുങ്ങളെ അയക്കുന്ന രക്ഷിതാക്കൾ ആധിയിലാണ്. ചൊവ്വാഴ്ച വൈകീട്ട് പിഞ്ചുകുഞ്ഞടക്കം നാലുപേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. അതേസമയം, തെരുവുനായ് വന്ധ്യംകരണ പദ്ധതി ഒരുവർഷമായി നിലച്ചതാണ് നായ്ശല്യം കൂടിയതിന് കാരണമെന്നും എത്രയും പെട്ടെന്ന് പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നേരിട്ട് നിവേദനം സമർപ്പിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം പറഞ്ഞു. പേപ്പട്ടിയുടെ കടിയേറ്റ അഞ്ചുപേർക്കും പ്രസിഡന്റിന്റെ ഓണറേറിയം, പഞ്ചായത്ത് ദുരിതാശ്വാസ നിധി എന്നിവയിൽനിന്നായി 5000 രൂപ വീതം നൽകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.