കാഞ്ഞങ്ങാട്: ഇൻസ്പെക്ടർ എം.പി ആസാദ് കേരള പൊലീസിന് അഭിമാനമായി. കാഞ്ഞങ്ങാടിനെ നടുക്കിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം തയാറാക്കി സമർപ്പിക്കുന്നതിലും വേഗത്തിലാക്കിയ ഇൻസ്പെക്ടർ ആസാദാണ് അഭിമാനമായത്.
ഒരു മാസവും ഒമ്പതു ദിവസവുംകൊണ്ടാണ് പഴുതുകൾ അടച്ചുകൊണ്ടുള്ള കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രതിയായ സലീമിന് എത്രയുംവേഗം കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന നിശ്ചയദാർഢ്യവും ഈ ഉദ്യോഗസ്ഥന്റെ സേവനത്തിന് പിന്നിലുണ്ട്. നേരത്തെയും ഇതേരീതിയിൽ അതിവേഗത്തിൽ കുറ്റപത്രം തയാറാക്കി എം.പി. ആസാദ് മാതൃകയായിരുന്നു.
പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയുടെ കൊലപാതക കേസിൽ 35 ദിവസം കൊണ്ടാണ് ആസാദ് കുറ്റപത്രം നൽകിയത്. ആ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പുകാലത്തെ സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് എം.പി. ആസാദ് ഇൻസ്പെക്ടറായി എത്തിയത്.
ചുരുങ്ങിയ കാലം കൊണ്ടാണ് പ്രമാദമായ കേസിന് തുമ്പുണ്ടാക്കിയത്. സ്ഥലംമാറ്റം ലഭിച്ച് തിരികെ പോകാനിരിക്കെയാണ് കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഈ കാലയളവിലെ സേവനത്തിനിടെ കാരുണ്യപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.
സ്കൂൾ പരിസരത്തുനിന്ന് സൈക്കിൾ കാണാതായ വിദ്യാർഥിയുടെ സങ്കടം കണ്ട് പുത്തൻ സൈക്കിൾ വാങ്ങിക്കൊടുത്ത് ചേർത്തുപിടിക്കാനും ജില്ലയിലെ ജനങ്ങളെയാകെ ഭീതിയിലാക്കിയ മാലക്കള്ളനെ ദിവസങ്ങൾക്കുള്ളിൽ പിടിച്ച് തുറുങ്കിലടക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒമ്പത് വീട്ടമ്മമാരുടെ മാലകൾ പൊട്ടിച്ച പ്രതിയെയാണ് കഴിഞ്ഞദിവസം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.