കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനു നേരെ അജ്ഞാത സംഘം ബിയര്‍ കുപ്പികള്‍ എറിഞ്ഞു. രണ്ടു മദ്യക്കുപ്പികള്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വീണ് പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ച 2.45ഓടെയാണ് സംഭവം. പെട്രോള്‍ ബോംബ് എറിഞ്ഞതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ എറിഞ്ഞത് ബിയര്‍ കുപ്പികളാണെന്ന് വ്യക്തമാവുകയായിരുന്നു.
സ്റ്റേഷന്റെ പടിഞ്ഞാറുഭാഗം ഡിവൈ.എസ്.പി ഓഫിസ് ഗേറ്റിലൂടെ അതിക്രമിച്ചു കടന്നാണ് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതെന്നാണ് സൂചന. മദ്യക്കുപ്പിയില്‍ ഇന്ധനം നിറച്ച് തുണി തിരുകി എറിഞ്ഞതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടന്നുവരുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്‍ അറിയിച്ചു.
വിവരമറിഞ്ഞു നൈറ്റ് ഡ്യൂട്ടിയില്‍ നഗരത്തിലുണ്ടായിരുന്ന എസ്.ഐ വി. മാധവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഷനില്‍ കുതിച്ചെത്തി. അധികം വൈകാതെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിയിലായ സംഘമാണ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയതെന്നാണ് നിഗമനം. കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.വി ഷിനു പരാതിക്കാരനായാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.