കാഞ്ഞങ്ങാട്: സൈക്കിൾ മോഷണം വ്യാപകമായതോടെ അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് അഞ്ചു കുട്ടികളെ. എട്ടു സൈക്കിളുകൾ പൊലീസ് കണ്ടെടുത്തു. 10നും 18നും ഇടയിലുള്ള കുട്ടികളാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് കണ്ടെത്തിയത്. മാസങ്ങളായി നടന്ന സൈക്കിൾ മോഷണം ചർച്ചയായതോടെയാണ് സൈക്കിളുടമകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ പൊലീസിൽ പരാതി നൽകാത്തവരുടെ സൈക്കിളും കണ്ടെത്തി. കുട്ടികൾ സൈക്കിളുകൾ 300ഉം 200ഉം രൂപ വെച്ച് വിൽപന നടത്തുകയായിരുന്നു.
മാസങ്ങൾക്കുമുമ്പ് കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ പരിസരത്തുനിന്ന് വിദ്യാർഥിയുടെ സൈക്കിൾ മോഷണം പോയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് അന്നത്തെ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ വിദ്യാർഥിക്ക് പുതിയ സൈക്കിൾ വാങ്ങിക്കൊടുത്തിരുന്നു. അന്നുമുതൽ സൈക്കിൾ മോഷ്ടാക്കൾക്കായി ഹോസ്ദുർഗ് പൊലീസ് അന്വേഷണത്തിലായിരുന്നു. ദിവസങ്ങൾക്കുമുമ്പ് ആവിയിൽ പല വീടുകളിൽനിന്നും പകൽസമയത്ത് സൈക്കിൾ മോഷണം പതിവായി. സ്റ്റേഷനിൽ പരാതിയെത്തിയതോടെ പൊലീസ് സി.സി.ടി.വിയുടെ സഹായത്തോടെ അന്വേഷണം നടത്തി.
ആവിയിൽ ഭാഗത്തെ അന്വേഷണത്തിൽ അഞ്ചോളം വീടുകളിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ സൈക്കിൾ മോഷ്ടാക്കളെ കണ്ടെത്തുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ 18 വയസ്സിന് താഴെയുള്ള അഞ്ചു കുട്ടികളാണ് മോഷണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഇവ ആവിയിൽ ഭാഗത്തുതന്നെയുള്ള കടയിൽ വിറ്റതായും മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട എട്ടു സൈക്കിളുകൾ കണ്ടെത്തി ഉടമസ്ഥർക്ക് നൽകി. സംഭവത്തിൽ കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.