കാഞ്ഞങ്ങാട്: വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ 17കാരനും കളനാട് പാളത്തിൽ വീണ്ടും കല്ലുവെച്ച കേസിൽ യുവാവും പിടിയിലായി. കഴിഞ്ഞ എട്ടിന് കാഞ്ഞങ്ങാടിനും ബേക്കലിനുമിടയിൽ പൂച്ചക്കാടിന് സമീപം തെക്ക് പുറത്ത് വന്ദേ ഭാരതിന് കല്ലെറിഞ്ഞ കാസർകോട് സ്വദേശിയായ 17കാരനാണ് തിങ്കളാഴ്ച പിടിയിലായത്. സംഭവത്തിൽ ആർ.പി.എഫ് കേസെടുത്തിരുന്നു. ദിവസങ്ങളായി ആർ.പി.എഫ് അന്വേഷണത്തിലായിരുന്നു. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന്റെ ചില്ല് കല്ലേറിൽ പൊട്ടിയിരുന്നു.
ട്രെയിൻ അപായപ്പെടുത്താനെന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച രാത്രി കളനാട് പാളത്തിൽ കല്ലുവെച്ച കേസിൽ പത്തനംതിട്ട ഏഴംകുളം ആറുകാലികൾ വെസ്റ്റയിലെ അഖിൽ മാത്യുവാണ് (21) അറസ്റ്റിലായത്. ആർ.പി.എഫിന്റെയും ജി.ആർ.പിയുടെയും സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. പ്രണയനൈരാശ്യത്തെ തുടർന്നാണ് ട്രെയിനിന് കല്ലുവെച്ചതെന്ന് അഖിൽ മാത്യു ആർ.പി.എഫിനോട് പറഞ്ഞു.
പ്രണയനൈരാശ്യത്തെ തുടർന്ന് വീടുവിട്ടശേഷം ജോലി അന്വേഷിച്ചാണ് കാസർകോട് വന്നതെന്നാണ് യുവാവ് അന്വേഷണ സംഘത്തോട് പറഞ്ഞത്. പാളത്തിന് മുകളിൽ നിരവധി കരിങ്കല്ലുകൾ വെച്ചതായി കണ്ടെത്തിയിരുന്നു. ഒപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നുവെങ്കിലും കല്ലുവെച്ചതിൽ പങ്കില്ലെന്ന് കണ്ട് അയാളെ വിട്ടയച്ചു. കല്ലിനു മുകളിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ അസാധാരണത്വം അനുഭവപ്പെട്ടിരുന്നു.
ആർ.പി.എഫ് ഇൻസ്പെക്ടർ, അക്ബർ അലി, എസ്.ഐ.മാരായ കതിരേഷ് ബാബു, എ.പി. ദീപക്ക്, റെയിൽവേ പൊലീസ് ഇൻസ്പെക്ടർ എം. റെജി കുമാർ, എസ്.ഐ എൻ.വി. പ്രകാശൻ, ആർ.പി.എഫ് എ.എസ്.ഐമാരായ ഷിജു, വിനോജ്, അജിത് കുമാർ, സിവിൽ ഓഫിസർ ശ്രീരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാകേഷ്, ജ്യോതിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.