കാഞ്ഞങ്ങാട്: ചെങ്ങറ കുടുംബക്കാർക്ക് സ്വന്തമായി പെരിയയിൽ ലഭിച്ച ഭൂമിയിൽനിന്ന് ആദ്യമായി അവർ പുന്നെല്ല് കൊയ്തു. കോവിഡ് കാലത്തിെൻറ പട്ടിണിയെ മറികടക്കാൻ ഒമ്പത് കുടുംബങ്ങൾ ഒരുമിച്ചുചേർന്നാണ് കാർഷിക കൂട്ടായ്മ രൂപവത്കരിച്ച് കൃഷിയിലേക്കിറങ്ങിയത്.
കെ.ആർ. നാരായണൻ സഹകരണ ഗ്രാമത്തിലെ വായനശാല കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കൃഷിവകുപ്പിെൻറ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ കരനെൽ കൃഷി ഇറക്കിയത്. കാടുപിടിച്ചുകിടന്ന അഞ്ച് ഏക്കർ സ്ഥലത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കിമറിച്ചാണ് കൃഷിഭൂമിയാക്കി മാറ്റിയത്. കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യമില്ലാത്തതിനാൽ ആദ്യമഴ പെയ്ത് മണ്ണ് കുതിർന്ന ഉടനെ വിത്തിറക്കി. നല്ല മഴ പെയ്തതോടെ നെൽചെടികൾ തളിർത്ത് വളർന്നു. കൃഷിവകുപ്പിെൻറയും പഞ്ചായത്തിെൻറയും നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് കൃഷിയുടെ പരിചരണം നടത്തിയത്.
കെ. തങ്കപ്പൻ, വി.കെ. സോമൻ, വി.കെ. ശശി, സാമുവൽ, രവീന്ദ്രൻ, സാംകുട്ടി, അഖിൽ, ഓമന, സരസമ്മ തുടങ്ങിയവർ ഉൾപ്പെട്ട കൃഷി കൂട്ടായ്മയാണ് നെൽകൃഷി നടത്തി വിജയം വരിച്ചത്. ചെങ്ങറ കുടുംബങ്ങൾ കൂട്ടായി അധ്വാനിച്ചതിലൂടെ മികച്ച വിളവാണ് ഇവിടെ ലഭിച്ചത്. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ ഉദ്ഘാടനം ചെയ്തു. സ്വന്തമായി ലഭിച്ച മണ്ണിലെ വിളവെടുപ്പ് നാടൻപാട്ടു പാടിയാണ് കുടുംബങ്ങൾ വരവേറ്റത്. കൃഷ്ണൻ, പഞ്ചായത്ത് അംഗം സി. ശശിധരൻ, കൃഷി ഓഫിസർ സി. പ്രമോദ് കുമാർ തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി. നെൽക്കൃഷിക്ക് ശേഷം ഇവിടെ ധാന്യ കൃഷിയും പച്ചക്കറിയും കൃഷി ചെയ്യാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.