ചേറ്റുകുണ്ടിൽ ഇരുപതോളം ഏക്കറിൽ തീപിടിത്തം

കാഞ്ഞങ്ങാട്: ചേറ്റുകുണ്ട് റെയിൽവേ ട്രാക്കിനരികിൽ വൻ തീപിടിത്തം. ഇരുപതോളം പശുക്കളെയും പോത്തുകളെയും കെട്ടിയിട്ടതിനടുത്തായാണ് തീ ആളിക്കത്തിയത്. സംഭവം ശ്രദ്ധയിൽപെട്ട കോസ്റ്റൽ ബേക്കൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ എം.ടി.പി.സൈഫുദ്ദീൻ സിവിൽ ഡിഫൻസ് അംഗം പ്രദീപ് ആവിക്കരയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷ സേനയെ അറിയിച്ചതിനെ തുടർന്ന് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർമാരായ കെ.സതീഷ്, ടി.ഒ. കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് സേന സ്ഥലത്ത് കുതിച്ചെത്തി. അപ്പോഴേക്കും അഞ്ചോളം കാലികളെ നാട്ടുകാരായ ഇബ്രാഹിം, കുഞ്ഞബ്ദുല്ല, കുഞ്ഞിമുഹമ്മദ് എന്നിവർ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവയെ സേനയും രക്ഷപ്പെടുത്തി.

ഈ സമയം റെയിൽ ട്രാക്കിനു സമീപത്തുവരെ തീപടർന്നു. അഗ്നിരക്ഷ സേനക്ക് വാഹനം കടന്നുചെല്ലാൻ കഴിയാത്തതിനാൽ സേനാവാഹനങ്ങളിൽ നിന്നും സമീപവീടുകളിൽനിന്ന് കുടങ്ങളിലും മറ്റും വെള്ളമെത്തിച്ചും തീ കെടുത്താൻ ശ്രമിച്ചു. മണൽ വാരിയെറിഞ്ഞും മരച്ചില്ലകൾ ഉപയോഗിച്ച് അടിച്ചുമാണ് ഉച്ചക്ക് ഒന്നോടെ തീ പൂർണമായും അണക്കാൻ കഴിഞ്ഞത്. നിരവധി കുരുവികളും ആമകളും പാമ്പുകളും തീയിൽ വെന്ത് ജീവൻ വെടിഞ്ഞു.

മാലിന്യത്തിന് ആരോ രാവിലെ തീയിട്ടതാണ് ഏകദേശം 20 ഏക്കറോളം പ്രദേശം കത്തിയമരാൻ കാരണമായത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എച്ച്. ഉമേശ്, എച്ച്. നിഖിൽ, പി. വരുൺ, പി.ആർ. അനന്തു, എസ്. ശരത്ത്, ഹോംഗാർഡുമാരായ കെ.പി. രാമചന്ദ്രൻ, പി.രവീന്ദ്രൻ, സിവിൽ ഡിഫൻസ് അംഗം പ്രദീപ് കുമാർ, റെയിൽവേ കീമാൻ ബോസ് ഗുഡിയ, നാട്ടുകാരായ അനിൽ, ഓം കാർ, പ്രണവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

മുന്നറിയിപ്പുമായി അഗ്നിരക്ഷസേന

കാഞ്ഞങ്ങാട്: കടുത്ത വേനലിനിടെ മാലിന്യത്തിന് തീയിടുന്നവര്‍ക്ക് മുന്നറിയിപ്പുമായി അഗ്നിരക്ഷ സേന. നഗരത്തില്‍ പലയിടങ്ങളിലും മാലിന്യക്കൂമ്പാരത്തില്‍ അപടകരമാംവിധം തീയിടുന്ന സാഹചര്യത്തിലാണ് ദുരന്തം വരുത്തിവെക്കരുതെന്ന സേനയുടെ മുന്നറിയിപ്പ്. ചിലർ സ്വകാര്യഭൂമിയില്‍ കുന്നുകൂടിയ മാലിന്യത്തില്‍‌ തീയിടും. ഇത് അപകടമാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ക്കും പ്ലാസ്റ്റിക്കിനും പുറമെ ഉണങ്ങിയ മരക്കഷണങ്ങളും കൂട്ടിയിട്ട സ്ഥലത്താണ് തീ കൂടുതൽ ഇടുന്നത്. കോവിഡ് കാലത്തെ ദുരിതത്തിനുപുറമെ തീയിട്ട് ദുരന്തമുണ്ടാക്കരുതെന്നാണ് സേനയുടെ മുന്നറിയിപ്പ്.

Tags:    
News Summary - Chettukundu fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.