കാഞ്ഞങ്ങാട്: പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഡി.വൈ.എഫ്.ഐ -പൊലീസ് സംഘർഷം. പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്ക് ഇരച്ചുകയറി. ഇല്ലത്തുംകടവ് പാലം അഴിമതി വിജിലൻസ് അന്വേഷിക്കണം, പഞ്ചായത്തിലെ വികസന മുരടിപ്പിന് പരിഹാരം കാണുക, പ്രസിഡന്റിന്റെ ഏകാധിപത്യഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി സംഘർഷത്തിലെത്തിയത്.
സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിക്കുകയായിരുന്നു. മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചപ്പോൾ അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘം ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷാവസ്ഥ ഉണ്ടായത്. പൊലീസിനെ തള്ളിനീക്കി പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ കയറി പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് പുറത്തേക്ക് നീക്കി.
ഓഫിസിനകത്ത് മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് യുവജന മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. അനീഷ് കുറുമ്പാലം, യതീഷ് വാരിക്കാട്ട് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.