കാഞ്ഞങ്ങാട്: സമ്മേളനം ഒറ്റ ദിവസമായി വെട്ടിച്ചുരുക്കിയെന്നറിഞ്ഞതോടെ മടിക്കൈയിലേക്ക് ഒഴുകുകയായിരുന്നു പാർട്ടി പ്രവർത്തകർ. പാർട്ടി കോട്ടയിലെ സമ്മേളനം തുടങ്ങിയ ദിവസം തന്നെ അവസാനിപ്പിക്കേണ്ടിവരുന്നുവെന്ന വാർത്ത പരന്നപ്പോൾ എന്താണ് സമ്മേളനനഗരിയിൽ നടക്കുന്നതെന്നറിയാനായിരുന്നു അണികളുടെ താൽപര്യം.
അകത്തെ ചർച്ചകൾ പുറത്തറിയാതിരിക്കാൻ പതിവു പുറംപാട്ട് നടക്കുന്നുണ്ടെങ്കിലും ടെന്റിനുള്ളിലെ പ്രതിനിധി സമ്മേളനത്തിലേക്ക് ഒളികണ്ണിട്ടുനോക്കാൻവരെ അണികൾ തയാറായി. ഇത് തടയാൻ വളന്റിയർമാർ തയാറായുമില്ല. രാത്രി ഏറെ വൈകിയും നീണ്ട ജില്ല സമ്മേളനത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായത് അർധരാത്രിയോടെ. രാത്രി 9.30നാണ് വാർത്തസമ്മേളനം നിശ്ചയിച്ചത്. എന്നാൽ നടന്നത് രാത്രി 12.10ന്. പ്രതിനിധി സമ്മേളന നഗരിക്കകത്ത് നടക്കുന്ന പ്രഖ്യാപനങ്ങൾക്കായി തൊട്ടരികിൽ തന്നെ ജനം കാതോർത്തിരുന്നു.
പുതിയ സെക്രട്ടറിയാരാണെന്നും, പുതുതായി വന്ന ജില്ല കമ്മിറ്റിയംഗങ്ങൾ ആരെന്നും അതുവരെ പുറത്ത് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവർ. മൂന്നു ദിവസങ്ങളിലായി നടക്കാനിരുന്ന സി.പി.എം ജില്ല സമ്മേളനം ഹൈകോടതി ഉത്തരവിനെത്തുടർന്ന് ആദ്യ ദിവസം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് സംഘടന തെരഞ്ഞെടുപ്പ് അർധരാത്രിയിലേക്കു നീണ്ടത്. സി.പി.എം സമ്മേളന ചരിത്രത്തിലാദ്യമായാണിത്. സംഘടന തെരഞ്ഞെടുപ്പും ഉദ്ഘാടന ദിവസം തന്നെ നടന്നു എന്നത് മറ്റൊരു അപൂർവത.
ഞായറാഴ്ച സമാപിക്കേണ്ട സമ്മേളനം സമാപിച്ചത് വെള്ളിയാഴ്ച അർധ രാത്രി 12 ന്. വെള്ളിയാഴ്ച രാവിലെ 10നു തുടങ്ങിയ പ്രതിനിധി സമ്മേളനം രാത്രി 12 മണിക്ക് കഴിഞ്ഞതും 14 മണിക്കൂർ നീണ്ട സംഘടന തെരഞ്ഞെടുപ്പും കൊണ്ടാണ് മടിക്കൈ അമ്പലത്തുകരയിൽ നടന്ന കാസർകോട് ജില്ല സമ്മേളനം പുതിയ ചരിത്രത്തിന് വഴിമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.