കാഞ്ഞങ്ങാട്: മടിക്കൈയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളിൽ നിന്ന് അവസാനത്തെ പുരുഷ കേസരിയും പടിയിറങ്ങി. ഇതോടെ ഒരു കാലത്ത് സ്ത്രീകളുടെ എണ്ണത്തിൽ ഒപ്പത്തിനൊപ്പം നിന്നിരുന്ന ദിനേശ് ബീഡിയിലെ ജോലിയിൽ വനിതകൾ മാത്രമായി. അറുന്നൂറോളം തൊഴിലാളികളും അഞ്ച് ബ്രാഞ്ചുകളിലുമായി പടർന്ന് പന്തലിച്ച മടിക്കൈയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളിൽ നിന്നും ചാളക്കടവ് ബ്രാഞ്ചിലെ മോഹനൻ കതിർക്കോടാണ് കഴിഞ്ഞ ദിവസം പടിയിറങ്ങിയത്.
37 വർഷം ജോലി ചെയ്ത് 58ാം വയസ്സിലാണ് പടിയിറക്കം. പ്രതാപകാലം മങ്ങിത്തുടങ്ങിയതോടെ മറ്റെല്ലാ പുരുഷന്മാരും ദിനേശിനോട് ഗുഡ്ബൈ പറഞ്ഞപ്പോഴും മോഹനൻ പിടിച്ചുനിൽക്കുകയായിരുന്നു. നിലവിൽ പഞ്ചായത്തിൽ എരിക്കുളം, ചാളക്കടവ് ബ്രാഞ്ചുകളിലായി 50സ്ത്രീകളാണ് അവശേഷിക്കുന്നത്. ഇന്റർവ്യൂചെയ്ത് ദിനേശിലേക്ക് തിരഞ്ഞെടുക്കപ്പെട്ടോ എന്നറിയാൻ പണ്ട് രാവിലെ എഴുന്നേറ്റ് ബോർഡ് നോക്കാൻ ഓടിയ കാലമൊക്കെ മോഹനന്റെ മനസ്സിൽ മങ്ങാതെയുണ്ട്. ദിവസം 800ബീഡി വരെ തെറുത്ത കാലമുണ്ടായിരുന്നു. പ്രതിസന്ധി കാലത്ത് പിടിച്ച് നിൽക്കാൻ ദിനേശ് നൽകിയ ആടുകൾ മോഹനന്റെ വീട്ടിലുണ്ട്. കമ്പനിയിൽ നിന്ന് ഇറങ്ങിയാലും ദിനേശിന്റെ ഓർമകൾക്ക് അവ കൂട്ടിനുണ്ടാകുമെന്നാണ് അവിവാഹിതനായ മോഹനൻ പറയുന്നത്.
1978ലാണ് മടിക്കൈ തീയർപാലത്ത് ദിനേശ് ബീഡി ആദ്യത്തെ ബ്രാഞ്ച് തുടങ്ങിയത്. 1993ന് ശേഷം പുതുതായി ഒരു തൊഴിലാളിയെയും എടുത്തിട്ടില്ല. പുകയിലക്കെതിരായ നടപടി കർശനമായപ്പോൾ അത് ദിനേശിന്റെയും ശോഭകെടുത്തി. ഒരുപാട് കുടുംബങ്ങൾക്ക് ജീവിതമാർഗമായിരുന്നു ഒരുകാലത്ത് ദിനേശ്. ആഴ്ചയിൽ അഞ്ചുദിവസമാണ് ഇപ്പോൾ തൊഴിൽ നൽകുന്നത്. ഹോസ്ദുർഗ് സംഘത്തിന് കീഴിലെ പല ബ്രാഞ്ചുകളിലായി ആകെ മൂന്നുപുരുഷന്മാരാണ് ഇനി ബാക്കിയുള്ളത്. സംസ്ഥാനത്ത് നാൽപതിനായിരത്തിലേറെ തൊഴിലാളികൾ ഉണ്ടായിരുന്ന ദിനേശിൽ നാലായിരത്തോളം തൊഴിലാളികളാണ് ഇപ്പോഴുള്ളത്. 2031ഓടെ അവസാനത്തെ തൊഴിലാളിയും വിരമിക്കുമെന്നതാണ് ഇപ്പോഴത്തെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.