കാഞ്ഞങ്ങാട്: ലോഡ്ജ് കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടുപേരെ അറസ്റ്റു ചെയ്തു. പുതിയങ്ങാടിയിലെ ശിവായി ഹൗസില്‍ റാഫി ശിവായി (58), എടക്കാട് തോട്ടടയിലെ കടലായിയില്‍ പള്ളയിൽ ഹൗസില്‍ കെ.എസ്. ബഷീര്‍ (47) എന്നിവരെയാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ നിന്ന് അറസ്റ്റു ചെയ്തത്. നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്നുപറഞ്ഞ് പണം തട്ടുന്ന സംഘം ലോഡ്ജില്‍ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും എസ്.ഐ ശ്രീജേഷും കണ്ട്രോള് റൂം എസ്.ഐ അബൂബക്കര്‍ കല്ലായിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ലോഡ്ജ് മുറിയില്‍നിന്ന്, തട്ടിപ്പിനായി ഉപയോഗിച്ച കട്ടികൂടിയ കടലാസുകളും രാസവസ്തുക്കളും മറ്റും കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടേകാലോടെ കണ്ട്രോള് റൂം എസ്.ഐ അബൂബക്കര്‍ കല്ലായി, ഇടപാടുകാരനാണെന്ന വ്യാജേന എത്തിയാണ് എലൈറ്റ് ടൂറിസ്റ്റ് ഹോമിലെ മുറിയിലുണ്ടായിരുന്ന സംഘത്തെ സമീപിച്ചത്. അബൂബക്കര്‍ നല്കിയ 500 രൂപ ചില പരീക്ഷണങ്ങളിലൂടെ രണ്ട് 500 രൂപയുടെ കറന്‍സിയാക്കി അബൂബക്കറിന് തിരിച്ചുനൽകി. നോട്ടിന്റെ വലുപ്പത്തിലുള്ള പേപ്പറുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഇരുണ്ട നിറത്തിലുള്ള പേപ്പറും മറ്റും ഉപയോഗിച്ച് അഷ്റഫ് നല്കിയ നോട്ടും കൂടി ഇതോടൊപ്പംവെച്ച് ഒരു ലായനിയില്‍ കഴുകിയെടുത്താണ് മറ്റൊരു 500 രൂപകൂടി അബൂബക്കറിന് തിരിച്ചുനല്‍കിയത്. നോട്ടുകള്‍ പരിശോധിച്ചപ്പോള്‍, താന്‍കൊണ്ടുപോയ നോട്ടിന്റെയും തട്ടിപ്പുകാരുണ്ടാക്കിയ നോട്ടീന്റെയും സീരിയല്‍ നമ്പറുകള്‍ വ്യത്യസ്തമാണെന്ന് മനസ്സിലായി.
ഇതോടെ 10,000 രൂപ ഇരട്ടിപ്പിച്ച് നല്‍കണമെന്ന് സംഘത്തോട് പറഞ്ഞു. പിന്നീട്, പണം കൊണ്ടുവരാനാണെന്ന വ്യാജേന മുറിയില്‍നിന്നും പുറത്തിറങ്ങിയ പൊലീസ്, പുറത്ത് ഒളിച്ചിരിക്കുകയായിരുന്ന എസ്.ഐ ശ്രീജേഷിനെയും സംഘത്തെയും കൂട്ടി മുറിക്കകത്തുകയറി നോട്ട് ഇരട്ടിപ്പുകാരെ അറസ്റ്റുചെയ്യുകയായിരുന്നു. സമാനരീതിയില്‍ ഇവര്‍ പലയിടങ്ങളിലും നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്.
കൂടുതല്‍ ചോദ്യം ചെയ്തശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ആർ. ഷിജു, പി. സതീഷ് കുമാർ, കെ. രജീഷ്, വി. രതീഷ്, കെ.വി. അജിത്ത് എന്നിവരും ഉണ്ടായിരുന്നു.
കച്ചവടത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ പുതുതായി ആരംഭിക്കുന്ന വസ്ത്രാലയത്തിൽ പങ്കാളിയാക്കാമെന്നും ലാഭവിഹിതം തരാമെന്നും വാഗ്ദാനം നൽകി 16 ലക്ഷവും 13 പവൻ ആഭരണങ്ങളും തട്ടിയെടുത്ത പരാതിയിൽ പൊലീസ് കേസെടുത്തു. അർഷാന, സബീന, സാബിറ എന്നിവരുടെ പരാതിയിൽ പാപ്പിനിശ്ശേരി സ്വദേശി വി.കെ. അനസിന് (40) എതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. അർഷാനയിൽനിന്ന് മൂന്നുലക്ഷവും 13 പവൻ ആഭരണങ്ങളും സബീനയിൽനിന്ന് ആറു ലക്ഷവും പുറമെ മൂന്നു ലക്ഷം ലോണുമാണ് പ്രതി കൈക്കലാക്കിയത്. സാബിറയിൽനിന്ന് നാലു ലക്ഷവും വാങ്ങി.
കച്ചവടത്തിൽ പങ്കാളിയാക്കുകയോ പണം തിരിച്ചുനൽകുകയോ ചെയ്യാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കോടതി നിർദേശ പ്രകാരം കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.