കാഞ്ഞങ്ങാട്: കോട്ടച്ചേരി നഗരസഭ മത്സ്യ മാർക്കറ്റ് മലിനജലവും മാലിന്യവും കെട്ടിക്കിടന്ന് രോഗം പരത്തുന്ന കേന്ദ്രമായി മാറി. എത്ര വൃത്തിയാക്കിയാലും നന്നാകാത്ത മത്സ്യ മാർക്കറ്റായി മാറുകയാണ് കാഞ്ഞങ്ങാട് നഗരസഭയുടെ ആധുനികരീതിയിൽ പണികഴിപ്പിച്ച കോട്ടച്ചേരി മാർക്കറ്റ്. കെട്ടിടത്തിന്റെ പിറകുവശത്ത് മലിനജലം തോടുപോലെ തളംകെട്ടി നിൽക്കുന്നു. മാലിന്യത്തിൽ പ്ലാസ്റ്റിക് വ്യാപകമായി കാണാം. നഗരത്തിലെ വ്യാപാരികൾ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ കാൽലക്ഷം രൂപവരെ പിഴ ഈടാക്കുന്ന നഗരസഭയാണ് സ്വന്തം മത്സ്യ മാർക്കറ്റിൽ പ്ലാസ്റ്റിക് കൂമ്പാരം മാലിന്യത്തിൽ ഒഴുകി നടക്കുമ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുന്നത്. മത്സ്യ, അറവുമാലിന്യം കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നായ്ക്കളും കാക്കകളും മറ്റു പക്ഷികളും നിത്യ സന്ദർശകരാണ്.
ഇവിടെനിന്ന് കാക്കകൾ മാലിന്യം കൊത്തിയെടുത്ത് നഗര പരിസരത്തുള്ള വീടുകളിലെ ശുദ്ധജല സ്രോതസ്സുകളിൽ നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. ഡെങ്കിപ്പനി ഉൾപ്പെടെ പരത്തുന്ന കൊതുകുകൾ ഇവിടെ പെറ്റുപെരുകുന്നു. നഗരസഭ അധികൃതർ ഇത് കണ്ടില്ലെന്ന നിലയിലാണ്. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും മറ്റു ജനപ്രതിനിധികൾക്കും കോട്ടച്ചേരി മത്സ്യ മാർക്കറ്റിന്റെ കാര്യത്തിൽ ഒരുപോലെ മൗനമാണ്. മാലിന്യം സംസ്കരിക്കുന്നതിന് മാർക്കറ്റിൽ ആധുനിക യന്ത്രസാമഗ്രികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം നോക്കുകുത്തിയാണ്. നഗരസഭയുടെ മാർക്കറ്റ് ഇപ്പോൾ അക്ഷരാർഥത്തിൽ മാലിന്യകേന്ദ്രമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.