കാഞ്ഞങ്ങാട്: 'എട്ടു വർഷത്തിലേറെയായി വേദന തിന്നാണ് ജീവിക്കുന്നത്. ചില ദിവസങ്ങളിൽ വേദന കടിച്ചമർത്തി പുലരുവോളം ഉറക്കമൊഴിച്ചിരിക്കും.. മരണവേദനയാണ് ചിലപ്പോൾ. രാപ്പകലുകൾ തള്ളിനീക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്..' വർഷങ്ങൾക്ക് മുമ്പുള്ള അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള മനസ്സുമായി മുന്നോട്ടുപോകുന്ന ആവിയിലെ ഹനീഫയുടെ വാക്കുകളാണിത്. ഒരുപാട് വെല്ലുവിളികൾക്കിടയിലും തളർന്നു നിൽക്കാതെ ജീവിക്കാനായി ഉറച്ച മനസ്സോടെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ യുവാവ്.
പ്രയാസങ്ങൾക്കിടയിലും ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണിന്ന് ഹനീഫ. സ്വന്തമായി അച്ചാറുകളുണ്ടാക്കി വിൽപന നടത്തുകയാണ്. നല്ല നാടൻ മാങ്ങ, വെളുത്തുള്ളി, ഈത്തപ്പഴം, ചെറുനാരങ്ങ എന്നിവ കൊണ്ട് രുചികരമായ അച്ചാർ വീട്ടിൽവെച്ച് ഉണ്ടാക്കുന്നു. മാതാവും ഭാര്യയും കൂടെയുണ്ട്. 'നുനൂസ് പിക്ക്ൾസ്' എന്ന പേരിട്ട് കൂട്ടുകാരുടെ സഹായത്താലാണ് വിൽപന. നേരത്തേ കോവിഡ് സമയത്ത് വീട്ടിൽവെച്ച് ഇലക്ട്രിക് ഉൽപന്നങ്ങൾ വിറ്റിരുന്നു. കോവിഡ് രൂക്ഷമായതോടെ ആ ചെറു സംരംഭവും തകർന്നു. ഇലക്ട്രിക് ഉൽപന്നങ്ങൾ കേടുവന്ന് അരലക്ഷത്തിലധികം രൂപയുടെ നഷ്ടവും വന്നു. എൽ.ഇ.ഡി ബൾബ്, ട്യൂബ്, എമർജൻസി ലൈറ്റ്, ഇൻവെർട്ടർ ബൾബ് തുടങ്ങിയവയായിരുന്നു വിറ്റത്.
2013ൽ ഖത്തറിലെ മദീനത്തുൽ മുറാഅ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിലാണ് സുഷുമ്ന നാഡിക്ക് പരിക്കേറ്റത്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടം ഒരു കുടുംബത്തിെന്റ തന്നെ തോരാകണ്ണീരായി. രണ്ട് മക്കളുണ്ട് ഹനീഫക്ക്. അച്ചാർ വിൽപനയിൽ നിന്ന് കിട്ടുന്ന ചുരുങ്ങിയ വരുമാനം ചികിൽസക്കും നിത്യവൃത്തിക്കും തികയാത്ത അവസ്ഥയാണ്.
ഹനീഫയുടെ തളരാത്ത പോരാട്ടം നിലയ്ക്കാതിരിക്കാൻ സുമനസ്കരുടെ സഹായം തേടുകയാണ് ഈ കുടുംബം. HANEEFA K, A/C 0632053000001266, IFSC: SIBL0000632, SOUTH INDIAN BANK, BRANCH KANHANGAD
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.