കാഞ്ഞങ്ങാട്: മുസ്ലിം ലീഗിലെ മൂന്ന് വനിത കൗൺസിലർമാരടക്കം ആറു പേർ കണ്ണൂർ എയർപോർട്ടിൽ സ്വർണവുമായി നാട്ടിലേക്ക് വരുന്നതിനിടെ പിടിയിലായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അജണ്ടകൾ പരിഗണിക്കുന്നതിനുമുമ്പ് സ്വർണവുമായി കൗൺസിലർമാർ പിടിയിലായ സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട് സി.പി.എമ്മിലെ രവീന്ദ്രൻ പുതുക്കൈയാണ് രംഗത്ത് വന്നത്. അജണ്ടകൾ ചർച്ചചെയ്തശേഷം സ്വർണ വിഷയം ചർച്ച ചെയ്യാം എന്ന മുസ്ലിം ലീഗിന്റെ നിലപാട് സി.പി.എം അംഗീകരിച്ചില്ല. ഇതോടെ സി.പി.എം, മുസ്ലിം ലീഗ് അംഗങ്ങൾ തമ്മിൽ പരസ്പരം ബഹളമായി. കൗൺസിൽ യോഗനടപടികൾ ആരംഭിക്കുന്നത് മുതൽതന്നെ ബഹളം രൂക്ഷമായി തുടർന്നു. ബി.ജെ.പി അംഗങ്ങളും സി.പി.എം നിലപാടിനെ അംഗീകരിച്ച് സ്വർണവുമായി പിടിയിലായ കൗൺസിലർമാർക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു. ഏത് അന്വേഷണത്തെയും മുസ്ലിം ലീഗ് കൗൺസിൽ കെ.കെ. ജാഫർ കൗൺസിലിൽ സ്വാഗതം ചെയ്യുന്നതായി പറഞ്ഞു. ബഹളം രൂക്ഷമായതോടെ വിഷയം ചർച്ച ചെയ്യാൻ ആകാതെ കൗൺസിൽ യോഗം ആരംഭിച്ചു.
രവീന്ദ്രൻ പുതുക്കൈ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതക്ക് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നൽകി. കൗൺസിലന്മാർക്കെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ വേണം എന്നാണ് സി.പി.എം നിലപാട്. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് മുസ്ലിം ലീഗും പറഞ്ഞു. ഇതേതുടർന്ന് വിഷയം ചർച്ചക്കെടുക്കാതെ അജണ്ടയിലേക്ക് കടക്കുകയായിരുന്നു. മുസ്ലിംലീഗ് പോഷകസംഘടന ഗൾഫിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അളവിൽ കൂടുതൽ സ്വർണവുമായി കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വനിത കൗൺസിലർമാരെയും മൂന്നുമുൻ വനിത കൗൺസിൽമാരെയും കണ്ണൂർ എയർപോർട്ടിൽ കഴിഞ്ഞദിവസം കസ്റ്റംസ് പിടികൂടിയത്.
കാഞ്ഞങ്ങാട്: ഗൾഫിൽ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ അളവിൽ കൂടുതൽ സ്വർണവുമായി കണ്ണൂർ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവെച്ച കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വനിത കൗൺസിലർമാർക്കും മൂന്ന് മുൻ വനിത കൗൺസിലർമാർക്കെതിരെയും നടപടിയെടുക്കാൻ കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ജില്ല കമ്മിറ്റിക്ക് ശിപാർശ നൽകി. തിങ്കളാഴ്ച നടന്ന അടിയന്തര യോഗത്തിലായിരുന്നു തീരുമാനം. വനിത നേതാവടക്കമുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ജില്ല കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൗൺസിലർമാർ അടക്കം സ്വർണവുമായി പിടിയിലായത് വിവാദമാവുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ആക്ഷേപം ഉയർന്നതോടുകൂടിയാണ് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പെട്ടെന്നുതന്നെ യോഗം വിളിച്ചു കൂട്ടിയത്.
യോഗത്തിലേക്ക് ആരോപണമുയർന്ന ആറുപേരെയും വിളിച്ചുവരുത്തിയിരുന്നു. ഇവരോട് യോഗം വിശദീകരണം ആരാഞ്ഞു. ബന്ധുക്കൾ നൽകിയ സ്വർണം കൊണ്ടുവന്നതാണെന്നാണ് ഇവർ യോഗത്തിൽ അറിയിച്ചത്. കമ്മിറ്റി ഇത് മുഖവിലടുക്കാതെയാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ജില്ല കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.