കാഞ്ഞങ്ങാട്: ജില്ലയുടെ വാണിജ്യതലസ്ഥാനമായ കാഞ്ഞങ്ങാട്ടെ റെയിൽവേ വികസനം ത്വരിതഗതിയിലാക്കണമെന്ന ആവശ്യം ശക്തമാവുന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ അമൃത് സ്റ്റേഷൻ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ഉൾപ്പെടെയുള്ള സംഘടനകൾ നിരന്തരം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. നിർത്താതെപോകുന്ന നാൽപതോളം ട്രെയിനുകളിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ് വേണമെന്ന ആവശ്യം ശക്തമാണ്. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂർ, പുല്ലൂർ പെരിയ, പനത്തടി, ബളാൽ, കോടോം ബേളൂർ, കള്ളാർ, മടിക്കൈ, പള്ളിക്കര പഞ്ചായത്തുകളിലെയും നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ചിലഭാഗങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്നതാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. കേന്ദ്ര സർവകലാശാല, ടൂറിസ്റ്റ് കേന്ദ്രമായ ബേക്കൽ കോട്ട, ആനന്ദാശ്രം, നിത്യാനന്ദാശ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുന്നവരും പോകുന്നവരും ആ
ശ്രയിക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമകേന്ദ്രം, ഭോജനശാല, ടിക്കറ്റ് റിസർവേഷന് പ്രത്യേക കെട്ടിടം, ആർ.പി.എഫ്, പൊലീസ് തുടങ്ങിയവർക്കുള്ള സൗകര്യങ്ങൾ, സ്റ്റേഷന്റെ വടക്കുവശത്തായി വീതിയേറിയ ഫൂട് ഓവർ ബ്രിഡ്ജ്, എസ്കലേറ്റർ, പടിഞ്ഞാറുവശത്ത് നാലാമത്തെ പ്ലാറ്റ് ഫോം, നിലവിലുള്ള പ്ലാറ്റ് ഫോമുകൾക്ക് പൂർണമായും മേൽക്കൂര പണിയുക തുടങ്ങിയ ആവശ്യങ്ങൾക്കായി നിരന്തരം അധികാരികളുടെ വാതിലിൽ മുട്ടുകയാണ്.
ഓരോ ട്രെയിൻ വന്നുപോകുമ്പോഴും നൂറുകണക്കിന് യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ നിലവിലെ ടിക്കറ്റ് കൗണ്ടറിൽ യാത്രക്കാരെ കൊണ്ട് വീർപ്പുമുട്ടുകയാണ്. എട്ടുമണിവരെ ഉണ്ടായിരുന്ന റിസർവേഷൻ കൗണ്ടർ ഇപ്പോൾ നാലുമണിവരെ മാത്രമാണ് പ്രവർത്തിക്കുന്നത്. നാലു മണിക്കുശേഷം ജനറൽ കൗണ്ടറിൽനിന്നുമാണ് റിസർവേഷൻ ടിക്കറ്റ് എടുക്കേണ്ടത്.
വൈകീട്ട് നാലുമുതൽ എട്ടുവരെയുള്ള സമയങ്ങളിൽ ഇരുവശത്തുമായി ഏതാണ്ട് പത്തിലധികം ട്രെയിനുകളാണ് വന്നുപോകുന്നത്. ഈസമയത്ത് ജനറൽ ടിക്കറ്റും റിസർവേഷൻ ടിക്കറ്റും നൽകുന്നത് ഒറ്റ കൗണ്ടറിൽ കൂടിയാണ്. ഇതിന് പരിഹാരം റിസർവേഷൻ ടിക്കറ്റ് കൗണ്ടർ നേരത്തേ ഉണ്ടായിരുന്നതുപോലെ വൈകീട്ട് എട്ടുവരെ പ്രവർത്തിപ്പിക്കുകയെന്നതു മാത്രമാണ്. സ്റ്റേഷൻ വികസനത്തിന് കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറവും മറ്റു സന്നദ്ധ സംഘടനകളും ശക്തമായി രംഗത്തിറങ്ങിയിട്ടും കാഞ്ഞങ്ങാട്ടെ വ്യാപാരസംഘടനയും രാഷ്ട്രീയ പാർട്ടി യുവജനപ്രസ്ഥാനങ്ങളും മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.