കാഞ്ഞങ്ങാട്: പാർലമെൻററി തലത്തിൽ ജില്ലയിൽ കോൺഗ്രസിനു മേൽവിലാസമുണ്ടാക്കിയ നേതാവാണ് കെ.പി. കുഞ്ഞിക്കണ്ണൻ. ലോക്സഭയിൽ ഇടതുപക്ഷവും നിയമസഭകളിൽ ലീഗും ഇടതും പിടിമുറുക്കിയ കാലത്ത് ഉദുമയെ കോൺഗ്രസിനോട് ചേർത്തത് കണ്ണൂർ ജില്ലക്കാരനായ കെ.പിയായിരുന്നു. 1987ൽ ഉദുമയിൽ കുഞ്ഞിക്കണ്ണൻ ജയിച്ചതല്ലാതെ കോൺഗ്രസ് പിന്നീട് കാസർകോടുനിന്ന് നിയമസഭ കണ്ടില്ല.
കുഞ്ഞിക്കണ്ണന്റെ ഉദുമയിലെ വിജയത്തോടെ ജില്ലയിൽ കോൺഗ്രസിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായി. എം.എൽ.എയായതിന് പിന്നാലെ കെ. കരുണാകരന്റെ വിശ്വസ്തനായി. കോൺഗ്രസിൽ തർക്കങ്ങളും തൊഴുത്തിൽ കുത്തുകളും മൂർധന്യത്തിൽ എത്തിയപ്പോൾ സംഘടനാ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി. യുവനേതാവ് എന്ന നിലയിൽ വലിയൊരു വിഭാഗം നേതാക്കൾ കെ.പിയുടെ കൂടെ ഗ്രൂപ് വ്യത്യാസം മറന്ന് അടിയുറച്ചുനിന്നു. കണ്ണൂരുകാരനായ കുഞ്ഞിക്കണ്ണന്റെ കാസർകോട് ജില്ലയിലേക്കുള്ള വരവോടെ കോൺഗ്രസിലെ ജില്ലയിലെ ഗ്രൂപ് സമവാക്യത്തിലും മാറ്റം വന്നു.
കെ. കരുണാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടു. ഇതോടെ കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി. മുൻ എം.പി ഐ. രാമറൈക്ക് പിന്നാലെയാണ് ഡി.സി.സി പ്രസിഡൻറായി വരുന്നത്. ഈ സ്ഥാനത്ത് ദീർഘകാലം പ്രവർത്തിച്ചു. കുഞ്ഞിക്കണ്ണൻ ഡി.സി.സി പ്രസിഡൻറായ സമയത്താണ് ജില്ല കോൺഗ്രസ് കമ്മിറ്റി സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉണ്ടാക്കിയത്. അണങ്കൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് വിദ്യാനഗറിൽ വിലകൊടുത്തു വാങ്ങിയ കെട്ടിടത്തിലേക്ക് മാറ്റാൻ കുഞ്ഞിക്കണ്ണന് കഴിഞ്ഞു. ജില്ലയിലെ കോൺഗ്രസിന് ഇന്നും ഇത് വലിയ ആശ്വാസമാണ്. ഡി.സി.സി പ്രസിഡൻറായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ഗ്രാമയാത്ര ശ്രദ്ധേയമായി.
ഈ യാത്രക്കിടെ സ്വരൂപിച്ച തുകകൊണ്ടായിരുന്നു ഡി.സി.സി മന്ദിരമുണ്ടാക്കിയത്. രാഷ്ട്രീയത്തോടൊപ്പം വിദ്യാഭ്യാസരംഗത്തും പ്രവർത്തിച്ചു. പി.എൻ. പണിക്കരുമായുള്ള ബന്ധമാണ് കോടോം-ബേളൂർ പറക്കളായിയിൽ ആയുർവേദ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ പ്രേരണ. കെ. കരുണാകരൻ ഡി.ഐ.സി രൂപവത്കരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.