കാഞ്ഞങ്ങാട്: പാണത്തൂർ കുണ്ടുപ്പള്ളിയിൽ ലോറി അപകടത്തിൽ മരണമടഞ്ഞവർക്ക് ഗ്രാമം യാത്രാമൊഴി നൽകി. അപകടത്തിൽ മരിച്ച കുണ്ടുപള്ളി സ്വദേശികളായ മോഹനൻ 40, ബാബു 40, എങ്കപ്പു എന്ന സുന്ദരൻ 47, നാരായണൻ 42 എന്നിവരുടെ മൃതദേഹങ്ങൾ കുണ്ടുപ്പളളിയിൽ എത്തിച്ചപ്പോൾ അലമുറയിട്ടു നിലവിളിക്കുന്ന ഗ്രാമത്തെയാണ് കണ്ടത്. നാലു പേരുടേയും മൃതദേഹങ്ങൾ നാല് ആംബുലൻസുകളിലായാണ് നാട്ടിലെത്തിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി. രാജപുരം സിഐ. വി. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ എസ്.ഐ. എം. ഭാസ്കരൻ, അമ്പലത്തറ എസ്.ഐ കെ.വി. മധുസൂദനൻ, മേൽപറമ്പ് എസ്.ഐ വി.കെ വിജയൻ, ബേക്കൽ എസ്.ഐ രജനീഷ് മോഹൻ എന്നിവരാണ് ഇൻക്വസ്റ്റിന് നടത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചക്ക് 12.45 ഓടെ നാട്ടുകാരും യൂനിയൻ നേതാക്കളും മൃതദേഹം ഏറ്റുവാങ്ങി മാവുങ്കാലിൽ പൊതുദർശനത്തിനു വെച്ചു. തട്ടുമ്മൽ, പാണത്തൂർ, കുണ്ടുപ്പള്ളി ദർശന ശേഷം സ്വന്തം വീട്ടുകളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോയി. വീട്ടുവളപ്പുകളിലാണ് സംസ്കരിച്ചത്.
പരിയാരത്തുനിന്നും മരംകയറ്റി പാണത്തൂരിലേക്ക് പാതി ലോഡുമായി വരുന്ന വഴിയിൽ ലോറി ബ്രേക്ക് ഡൗൺ ആയതാണ് അപകടകാരണമായി പറയുന്നത്. ലോറിയിൽ 9 പേരാണ് ഉണ്ടായിരുന്നത്. അഞ്ചുപേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേർക്ക് നിസ്സാര പരിക്കുകളേ ഉള്ളൂ. ലോറി ക്ലീനർ ആലുവ സ്വദേശി വിജയ(56) നെ സാരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്.
കുണ്ടുപ്പള്ളിയിലെ വേണുഗോപാൽ, ലോറി ഡ്രൈവർ ആലുവയിലെ അനീഷ് (30) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ഉള്ളത്. പുറത്തേക്ക് ചാടി രക്ഷപ്പെട്ട കെ.കെ. മോഹനൻ, പ്രസന്നൻ എന്നിവർ പുടുങ്കല്ല് ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കല്ലപള്ളിനിന്നും പാണത്തൂർ ടൗണിലേക്ക് വരുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ചുമട്ട് തൊഴിലാളികളുമാണ് രക്ഷകരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.