കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന് വയലുകൾ മണ്ണിട്ടുയർത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. എല്ലാ വർഷവും വെള്ളംകയറി കുടിയൊഴിക്കപ്പെടുന്ന 32ഓളം കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പുല്ലൂരിലെ രണ്ട് പാലങ്ങൾ മാറ്റി പുതിയത് പണിയുമ്പോൾ ഇവിടെ 80 മീറ്റർ നീളത്തിലാണ് മണ്ണിട്ടുയർത്തുന്നത്. മൂന്നുമീറ്റർ നീളത്തിൽ മണ്ണിട്ടുയർത്തുന്നതോടെ വെള്ളം പുറത്തേക്കുകളയാൻ വഴിയില്ലാത്തതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്.
ഇവിടെ മണ്ണിട്ടുയർത്തുന്നതിനുപകരം ബാക്കി ഭാഗത്തും പാലം നിർമിക്കണമെന്നാണ് ഇവരുടെ ആവശ്യം. നാട്ടുകാർ ഒപ്പിട്ട പരാതി ജില്ല കലക്ടർക്ക് നൽകി. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ മുന്നോട്ടുപോവുകയുള്ളൂവെന്ന് കലക്ടർ ഉറപ്പുനൽകി. തിങ്കളാഴ്ച്ച വൈകീട്ടാണ് പ്രദേശവാസികൾ യോഗം ചേർന്നത്. ദേശീയപാത വികസനം ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വിഷയം കോഴിക്കോട്ടെ ദേശീയപാത അതോറിറ്റി വിഭാഗത്തെ അറിയിക്കാൻ യോഗം തീരുമാനിച്ചു.
പഞ്ചായത്ത് അംഗം എം.വി. നാരായണൻ അധ്യക്ഷത വഹിച്ചു. എം.വി. പത്മനാഭൻ, പത്മനാഭൻ പടിഞ്ഞാറേവീട്, വി. മാധവൻ നായർ എന്നിവർ സംസാരിച്ചു. കർമസമിതി ഭാരവാഹികളായി പി. പരമേശ്വരൻ നായർ (ചെയ.), പത്മനാഭൻ പടിഞ്ഞാറേവീട് (വൈസ്. ചെയ.) എ. സന്തോഷ് കുമാർ (കൺ.) ദേവകി വിഷ്ണുമംഗലം (ജോ.കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.