കാഞ്ഞങ്ങാട്: നഗരസഭയിലെ അംഗൻവാടികളിലേക്കുള്ള ഫണ്ട് മുടങ്ങിയിട്ട് നാലുമാസം. കാഞ്ഞങ്ങാട് നഗരസഭയിലെ 53 അംഗൻവാടികളിലെ കുട്ടികൾക്ക് ഭക്ഷണ ചെലവിനുള്ള പണമാണ് മുടങ്ങിയത്.
ജീവനക്കാർ സ്വന്തമായി പണമെടുത്താണ് ദൈനംദിന ചെലവിനുള്ള തുക കണ്ടെത്തുന്നത്. ഇത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
അംഗൻവാടികളിൽ പാൽ, മുട്ട, പാചക വാതകം, മുളക്, കടുക്, വെളിച്ചെണ്ണ തുടങ്ങിയവ വാങ്ങാനുള്ള പണമാണ് നാലുമാസമായി ലഭിക്കാത്തത്. മാർച്ചുമുതൽ പണം നൽകിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ചെറിയ ശമ്പളം ലഭിക്കുന്ന ജീവനക്കാർ ഇപ്പോൾ പണം സ്വന്തമായെടുത്താണ് സാധനസാമഗ്രികൾ വാങ്ങുന്നത്.
സാധാരണയായി കടകളിൽനിന്ന് സാധനങ്ങൾ കടം വാങ്ങുകയാണ് പതിവ്. മാസാവസാനം ബില്ല് പാസായി വരുമ്പോഴാണ് ഇവ നൽകുന്നത്. എന്നാൽ ഫണ്ട് പാസാകാത്തതിനാൽ കടകളിൽനിന്ന് കടം ലഭിക്കുന്നത് നിലച്ചു. ഇതോടെയാണ് സ്വന്തമായി കണ്ടെത്തേണ്ട സ്ഥിതി വന്നത്.
ഇനി അതും സാധിക്കാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ പറഞ്ഞു. അംഗൻവാടികളിലെത്തുന്ന കുട്ടികളെ പട്ടിണിക്കിടാൻ മനസ്സനുവദിക്കാത്തതിനാൽ വീട്ടിലെ ചെലവുപോലും നോക്കാതെ ഇവർ പണം മുടക്കുന്നത്. നഗരസഭയോട് പ്രശ്നം അവതരിപ്പിച്ചിട്ടും പ്രയോചനമുണ്ടായില്ല.
രേഖാമൂലം ആവശ്യപ്പെട്ടിട്ടും പണം അനുവദിച്ചുനൽകാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.