കാഞ്ഞങ്ങാട്: ഗുണ്ടാ-സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ കുടുക്കുന്നതിന് പൊലീസിന്റെ മിന്നൽ റെയ്ഡ്. സംസ്ഥാന വ്യാപകമായി നടന്ന ഓപറേഷൻ ആഗിന്റെ ഭാഗമായാണ് ജില്ലയിലും പൊലീസ് കർശന നടപടികളും പരിശോധനയും സ്വീകരിച്ചത്. സാമൂഹിക വിരുദ്ധ-ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെ 85 പേർ അറസ്റ്റിലായി. ഇതിൽ 24 വാറന്റ് പ്രതികളെയും നാല് പിടികിട്ടാപ്പുള്ളികളുമുണ്ട്.
സംശയകരമായ സാഹചര്യത്തിൽ രാത്രി കറങ്ങിനടന്ന ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.പരിശോധനയിൽ നിരോധിത ലഹരി വസ്തുക്കളും പിടികൂടി. ലഹരി ഉപയോഗിക്കുന്നവരും പൊലീസിന്റെ പിടിയിലായി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റോപ്പുകൾ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാണപ്പെട്ടവർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം കേസെടുക്കുകയായിരുന്നു. ക്രിമിനൽ റെക്കോഡുള്ള 210 പേരെയാണ് റെയ്ഡിന്റെ ഭാഗമായി പരിശോധിച്ചത്. ഹോസ്ദുർഗ് പൊലീസ് പത്തുപേരെ കസ്റ്റഡിയിലെടുത്തു. ചന്തേരയിലും പത്തുപേർ പിടിയിലായി. ചിറ്റാരിക്കാലിൽ രണ്ടുപേരെയാണ് പിടികൂടിയത്. ബേഡകത്ത് അഞ്ചും ചീമേനിയിൽ രണ്ടും കാസർകോട്ട് രണ്ടുപേരും കസ്റ്റഡിയിൽ ആയി. മേൽപറമ്പ് പൊലീസ് 10 പേരെ കസ്റ്റഡിയിലെടുത്തു. ചീമേനി, ബദിയടുക്ക ,കുമ്പള, മഞ്ചേശ്വരം പൊലീസും നിരവധി പേരെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
രാജപുരത്തും ബേക്കലിലും സംശയ സാഹചര്യത്തിൽ നിരവധി പേരെകസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി നൽകാത്തവർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ച വരെയാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.