കാഞ്ഞങ്ങാട് : പാണത്തൂരിൽ ഗൃഹനാഥനെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭാര്യയെയും മകനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ പി.വി. ബാബു (54) കൊല്ലപ്പെട്ട കേസിൽ ഭാര്യ സീമന്തനി (46), മൂത്ത മകൻ സബിൻ (19) എന്നിവരെ കസ്റ്റഡിയിലാവശ്യപ്പെട്ട് രാജപുരം പൊലീസ് അന്വേഷണ സംഘം ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ അപേക്ഷ നൽകി.
ഇൻസ്പെക്ടർ കെ. കൃഷ്ണൻ, എസ്.ഐ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കാസർകോട് കോളേജിലെ ബി.എസ്.സി വിദ്യാർഥിയായ സബിൻ നേരത്തെ ജില്ല കോടതിയിൽ പരീക്ഷയെഴുതാൻ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
ജാമ്യം നിഷേധിച്ച കോടതി സബിന് പരീക്ഷയെഴുതാൻ അവസരം നൽകുകയും ചെയ്തു. സബിെന്റ പരിക്ഷമൂലം പൊലീസ് കസ്റ്റഡി ആവശ്യം വൈകിപ്പിക്കുകയായിരുന്നു. അതിനിടെ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപോർട്ടും പുറത്ത് വന്നു. അടിയേറ്റ് പൊട്ടിയ വാരിയെല്ല് ഹൃദയത്തിൽ തുളച്ച് കയറിയതാണ് മരണ കാരണമെന്ന് വ്യക്തമായി. ഭാര്യയുമായുള്ള കലഹത്തിനിടയിലാണ് ബാബു കൊല്ലപ്പെട്ടത്.
തലക്കും കാലിലും ഉൾപ്പെടെ പരിക്കേൽപിച്ച മൂർച്ചയേറിയ മുഴുവൻ ആയുധങ്ങളും കണ്ടെത്തുന്നതിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലാവശ്യപ്പെട്ടത്. പ്രതികളെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.