കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ നഗരസഭ ടൗൺഹാൾ പുതുക്കിപ്പണിയാനാവാതെ നഗരസഭ. ടൗൺഹാൾ കെട്ടിടം നഗരസഭയുടെ കൈവശമാണെങ്കിലും സ്ഥിതി ചെയ്യുന്ന സ്ഥലം റവന്യൂ വകുപ്പിന്റേതായതുകാരണമാണ് കെട്ടിടം പുതുക്കിപ്പണിയാൻ കഴിയാത്തത്.
ഈയൊരു സാഹചര്യത്തിൽ കെട്ടിടം നോക്കുകുത്തിയായി മാറുകയാണ്. വർഷങ്ങളായി കൈവശം വെച്ചിരുന്ന കെട്ടിടത്തിൽ നഗരത്തിലെ നിരവധി പരിപാടികൾ നടന്നിരുന്നു. അറ്റകുറ്റപ്പണികൾ നടത്താമെന്നല്ലാതെ കെട്ടിടം പൊളിച്ച് പുതിയ ടൗൺഹാൾ നിർമിക്കാൻ കഴിയുകയില്ല.
കെട്ടിടം നിർമിക്കുന്ന കാലത്തെ കരാർ അനുസരിച്ച്, നഗരസഭ ടൗൺഹാൾ പൊളിച്ചുമാറ്റുകയാണെങ്കിൽ സ്ഥലം റവന്യൂ വകുപ്പ് തിരിച്ചെടുക്കുമെന്നാണ്. ഈ ഉടമ്പടിയാണ് ഇപ്പോൾ തിരിച്ചടിയായത്. കെട്ടിടത്തിലെ ഇലക്ട്രിക്കൽ സംവിധാനം ദ്രവിച്ച് നശിച്ചതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇതോടെ ടൗൺഹാളിൽ പരിപാടികൾ നടക്കാതെയായി.
ഈ സാഹചര്യത്തിൽ ടൗൺഹാൾ സ്ഥിതിചെയ്യുന്ന സ്ഥലം നഗരസഭക്ക് റവന്യൂ വകുപ്പ് നൽകണമെന്ന് ആവശ്യമുയർത്തിയിട്ടുണ്ട്. നഗരസഭ മുൻ ചെയർമാൻ വി.വി. രമേശൻ കൗൺസിലിൽ കത്ത് നൽകി. കൗൺസിൽ ഒറ്റക്കെട്ടായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
രമേശന്റെ കത്ത് അടുത്ത ദിവസം ചേരുന്ന കൗൺസിൽ ചർച്ചക്കെടുക്കും. രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും പതിവായി ടൗൺഹാളിനെ ആശ്രയിച്ചിരുന്നു. വിശാലമായ ടൗൺഹാൾ നഗരസഭയുടെ അധീനതയിൽ അത്യാവശ്യമാണ്. റവന്യൂ വിഭാഗം സ്ഥലം നഗരസഭക്ക് വിട്ടുനൽകുന്ന പക്ഷം ആധുനിക രീതിയിൽ ഇവിടെ ടൗൺ ഹാൾ സ്ഥാപിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.