കാഞ്ഞങ്ങാട്: പ്രവാസജീവിതം തുടങ്ങുന്ന 23ാം വയസ്സുവരെ പി.എ. ഇബ്രാഹീം ഹാജി ജീവിച്ച പിതാവിെൻറ വീട് പള്ളിക്കരയില്‍ മായാതെ കിടക്കുന്നു. ഈ തറവാട്ടിൽനിന്നായിരുന്നു വ്യവസായലോകം ഇബ്രാഹീം ഹാജി കീഴടക്കിയത്.
നിലവില്‍ അദ്ദേഹം താമസിച്ചുപോന്ന വീടിന് തൊട്ടടുത്ത് ഒരു സ്മാരകംപോലെ ഈ തറവാടുവീട് പൊളിക്കാതെ ബാക്കിയാക്കിയാണ് ഹാജി പോയത്. പള്ളിക്കര ഗവ. സ്കൂളിന് മുന്നില്‍ താമസിച്ചുവരുന്ന വീട്ടില്‍ കഴിഞ്ഞ ആഴ്ചകൾക്കുമുമ്പാണ് അദ്ദേഹം അവസാനമായി എത്തിയത്.
ഈ വീട്ടിലെത്തിയാൽ മുൻകൂട്ടി തയാറാക്കിയ പദ്ധതികൾക്ക് പിന്നാലെയുള്ള തിരക്കിലായിരിക്കും അദ്ദേഹം. അവസാനം ഇവിടെ വന്നപ്പോൾ വലിയ സന്തോഷവാനായിരുന്നതായി അയൽവാസികൾ പറഞ്ഞു. കോട്ടിക്കുളത്തെ ഒരു വിവാഹത്തിനായിട്ടായിരുന്നു ഒടുവിൽ എത്തിയത്.
50 വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടയിലും നാടുമായുള്ള ബന്ധം മുറിച്ചുകളഞ്ഞിരുന്നില്ല. സമയം കിട്ടുമ്പോഴെല്ലാം പ്രത്യേകിച്ച് എല്ലാ റമദാനിലും പള്ളിക്കരയിലെ വീട്ടിലെത്തും. ഒരിക്കൽ സമൂഹ ഇഫ്താർ നടത്തി നാട്ടുകാരോട് സ്നേഹാദരവും പങ്കിട്ടു. എത്രയോ മനുഷ്യര്‍ക്ക് താങ്ങും തണലുമായിരുന്നു ഇബ്രാഹീം ഹാജി.
കർമപഥത്തില്‍ അവസാനം വരെ സജീവമായിരുന്നു. കെ.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി. ഡിസംബര്‍ 10ന് ദുബൈ കെ.എം.സി.സിയുടെ നാഷനല്‍ ഡേയുമായി ബന്ധപ്പെട്ടുള്ളതാണ് അവസാനത്തെ പൊതുപരിപാടി. അതിന് മുമ്പ് നവംബര്‍ 26ന് സി.എച്ച് സെൻറര്‍ കാഞ്ഞങ്ങാട് സംഗമത്തിലും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.