കാഞ്ഞങ്ങാട്: ആർ.ഡി.ഒ ഓഫിസിൽ കേസുമായി ബന്ധപ്പെട്ട് വക്കാലത്തും കൗണ്ടറും ഫയൽ ചെയ്യാൻപോയ അഭിഭാഷകയെ സബ് കലക്ടർ ഇറക്കിവിട്ടതായി അഭിഭാഷകരുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് അഭിഭാഷകസംഘടന ആർ.ഡി.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. സംഭവത്തെക്കുറിച്ച് ആരായാനെത്തിയ ഹോസ്ദുർഗ് ബാർ അസോസിയേഷൻ ഭാരവാഹികളുമായി വാക്കുതർക്കത്തിലേർപ്പെടുകയും പൊലീസിനെ വിളിപ്പിച്ച് ചേംബറിൽനിന്ന് പുറത്താക്കാൻ ശ്രമവും നടത്തിയതായാണ് പരാതി. ഹോസ്ദുർഗ് ബാർ അസോസിയേഷൻ നേതൃത്വത്തിലാണ് വ്യാഴാഴ്ച അഭിഭാഷകർ ആർ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. സീനിയർ സിറ്റിസൺസ് നിയമവുമായി ബന്ധപ്പെട്ട കേസിൽ വക്കാലത്ത് നൽകാനാണ് അഭിഭാഷക പോയത്. എന്നാൽ, ഇത് വാങ്ങാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അതിന്റെ കാരണം സഹിതം എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടതാണ് സബ് കലക്ടറെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു.
റൂളിങ് പ്രകാരം ഇത്തരം കേസുകളിൽ ഹാജരാകാമെന്ന് അഭിഭാഷക പറഞ്ഞപ്പോഴാണ് വനിത പൊലീസുകാരെ വിളിച്ചുവരുത്തി പുറത്താക്കാൻ നിർദേശിച്ചത്. ബാർ കൗൺസിലിൽ അഭിഭാഷകയുടെ പരാതി ലഭിച്ചതോടെയാണ് പ്രശ്നമുണ്ടെങ്കിൽ അതുകൂടി പരിഹരിക്കാമെന്ന ലക്ഷ്യത്തോടെ സബ് കലക്ടർ സൂഫിയാൻ അഹമ്മദിനെ കാണാൻ പോയതെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ, ഭാരവാഹികളെ കേൾക്കാൻ തയാറായില്ല. പിന്നാലെ പൊലീസുദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഭാരവാഹികളുടെ ഫോട്ടോയെടുക്കാനും ശ്രമിച്ചുവെന്ന് പറയുന്നു. പേരുവിവരവും ആവശ്യപ്പെട്ടു. ഇത് നൽകാൻ തയാറാകാതിരുന്ന അഭിഭാഷകർ തിരികെ എത്തിയാണ് പ്രതിഷേധത്തിന്റെ ഭാഗമായി ആർ.ഡി ഓഫിസ് മാർച്ച് നടത്തിയത്.
അഭിഭാഷകയോടും തങ്ങളോടും മോശമായി പെരുമാറിയ സബ് കലക്ടറെ സ്ഥലംമാറ്റണമെന്നും അല്ലാത്തപക്ഷം ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.സി. ശശീന്ദ്രൻ, ഭാരവാഹികളായ അഡ്വ. പി.കെ. സതീശൻ അഡ്വ. പി. നാരായണൻ, അഡ്വ. കെ.എ. മാത്യു, അഡ്വ. എൻ.എ. ഖാലിദ്, അഡ്വ. പി.കെ. അശോകൻ, അഡ്വ. കെ.കെ. രാജേന്ദ്രൻ, അഡ്വ. എം. രമാദേവി, അഡ്വ. എൻ.വിനോദ് കുമാർ, അഡ്വ. നവീൻ ശങ്കർ, അഡ്വ. വി.വി. രവീന്ദ്രൻ, അഡ്വ. സുമേഷ് നിവേദ്, അഡ്വ. സിദ്ധാർഥ് നമ്പ്യാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.