കാഞ്ഞങ്ങാട്: മൂന്ന് യുവാക്കളും രണ്ട് യുവതികളുമടക്കം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജില്ലയിൽ ജീവനൊടുക്കിയത് അഞ്ചുപേർ. തിങ്കളാഴ്ച ഉച്ചയോടെ രണ്ട് യുവാക്കളെ വീടുകളിലും ഒരു യുവാവിനെ പള്ളിയുടെ ഓഫിസ് മുറിയിലും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർതൃമതിയായ യുവതിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടത് ചൊവ്വാഴ്ച രാവിലെയാണ്.
തിങ്കളാഴ്ച വൈകീട്ട് മറ്റൊരു ഭർതൃമതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഞായറാഴ്ച പരപ്പ സ്വദേശിയെ ആദൂരിൽ തൂങ്ങി മരിച്ച നിലയിലും പാണത്തൂർ സ്വദേശിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ 50 ലേറെ പേർ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്.
ജില്ലയിൽ ഭയാനകമാം രീതിയിലാണ് ദിവസേന ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത്. 10 വയസ്സുമുതൽ 90 കഴിഞ്ഞവർ വരെ ജീവിതം വെടിയുന്നവരായുണ്ട്. കൗമാരക്കാരിലും യുവതി-യുവാക്കളിലും ആത്മഹത്യ പ്രവണത വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ ആത്മഹത്യകളും മാനസിക പ്രശ്നങ്ങളുടെ ഗണത്തിലാണ് അധികൃതർ ഉൾപ്പെടുത്തുന്നത്.
ആത്മഹത്യകൾ കുറക്കുന്നതിന് സർക്കാർ തലത്തിൽ വിവിധ പദ്ധതികളുണ്ട്. എന്നാൽ, ദിനംപ്രതി എണ്ണം വർധിക്കുന്നതല്ലാതെ കുറക്കുന്നതിന് നടപടികളില്ല. കൊടക്കാട് വെള്ളച്ചാലിലെ സുകുമാരന്റെ മകൻ പി. സുമേഷിനെ (37) തിങ്കളാഴ്ച ഉച്ചക്ക് വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉപയോഗിച്ച ബെഡ്ഷീറ്റ് ഫാനിൽ നിന്നും മുറിച്ചുമാറ്റി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൊഗ്രാൽ കെ.കെ. പുരത്തെ അബ്ദുൽ വഫ സിദ്ദീഖിനെ (21) കടവത്തെ പള്ളിയുടെ ഓഫിസ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കാണുകയായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി. ബേള ചുക്കിനടുക്കയിലെ ജയരാമന്റെ മകൻ റിതേഷിനെ (37) വീട്ടിലെ സ്റ്റെയർകേസ് മുറിയിൽ തൂങ്ങി മരിച്ചതായി കണ്ടെത്തി. ഷാൾ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കയ്യാർ ശാന്തിയോടിലെ ജനാർദനന്റെ ഭാര്യ വിചേത (34)യെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. വൈകീട്ടാണ് കണ്ടത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി. പിലിക്കോട് വറക്കോട്ട് വയലിൽ ഏക്കച്ചിവളപ്പിൽ എ.വി. വിനോദിന്റെ ഭാര്യ കെ. സുനിതയെ (38) ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ച 5.30ഓടെയാണ് കിണറ്റിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.