കാറ്റാടിയിലെ ഹോട്ടലിന് മുന്നിൽ ഭരതനും കുഞ്ഞിപ്പെണ്ണും

പ്രതിസന്ധി നേരാണ്​, പക്ഷേ വില കൂട്ടാൻ ഭരതേട്ടൻ തയാറല്ല

കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിക്കിടെ എല്ലാ ഹോട്ടലുടമകളും ചായക്കും പലഹാരങ്ങൾക്കും വില കൂട്ടിയപ്പോഴും ഭരതേട്ടൻ പഴയ വിലയുമായി മുന്നോട്ട്. ഭക്ഷണ സാധനങ്ങൾക്ക് വില കൂടിയപ്പോഴും കൊളവയലിലെ ഭരതേട്ട​െൻറ ഹോട്ടലിൽ ഇത്തരമൊരു വർധന പടിക്കുപുറത്താണ്. ചായക്കും ചെറുകടിക്കും അഞ്ച് രൂപ. ചോറിന് 25 രൂപ. നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപ. ഇങ്ങനെയാണ് ഹോട്ടലിലെ വില. നഗരത്തി​‍െൻറ തന്നെ മറ്റു പല ഹോട്ടലുകളിലും 50 മുതൽ 60 വരെയാണ് ഉൗണി​െൻറ വില. ആരെന്തു പറഞ്ഞാലും ഇദ്ദേഹം കാര്യമാക്കാറില്ല.

എണ്ണ, പച്ചക്കറി എന്നിവക്കെല്ലാം വില കൂടിയില്ലേ ഭരതേട്ടാ, ചോറിന് വില കൂട്ടിക്കൂടേ എന്നു ചോദിച്ചാൽ ചിരിച്ച് കൊണ്ട് ഇദ്ദേഹം പറയുന്നതിങ്ങനെ... ''കൊറോണായീറ്റ് ഭയങ്കര പ്രതിസന്ധിയില്ലപ്പ, മരിക്കണ്ത് വരെ ഇങ്ങന്നെ പോട്ട്പ്പായെന്ന്.... കാറ്റാടിയിൽ 42 വർഷമായി ഹോട്ടൽ നടത്തി വരുകയാണ്. തുടക്കത്തിൽ ചായക്ക് 20 പൈസയും ചെറുകടിക്ക് 25 പൈസയുമായിരുന്നു. ചായ, പുട്ട്, ഗോളിവജ, പഴംപൊരി, പൊറോട്ട, നെയ്പത്തൽ, എല്ലാം അഞ്ച് രൂപ മാത്രം. 15 രൂപക്ക് ചിക്കൻ കറിയും കിട്ടും. 28ാമത്തെ വയസ്സിലാണ് ഭരതൻ ചായക്കട തുടങ്ങിയത്. പ്രായം 71 ലേക്ക് അടുക്കുമ്പോഴും ഭക്ഷണ സാധനങ്ങൾക്ക് നാമമാത്ര വില വർധനവാണ് ഏർപ്പെടുത്തിയത്.

ദൂരസ്ഥലങ്ങളിൽനിന്നു പോലും ഇവിടെ ആളുകളെത്താറുണ്ട്. വാർധക്യത്തിലും യൗവനത്തി​‍െൻറ ചുറുചുറുക്കോടെയാണ് ഹോട്ടലിലെത്തുന്നത്. സഹായിയായി നിഴൽപോലെ ഭാര്യ കുഞ്ഞിപ്പെണ്ണുമുണ്ട്. ലാഭത്തിനപ്പുറം സാമൂഹിക സേവനമാണ് താൻ നിർവഹിക്കുന്നതെന്ന് ഭരതൻ 'മാധ്യമ'ത്തോട് പറഞ്ഞു. കാര്യമായ സമ്പാദ്യങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ ഇത് ധാരാളമാണ്​​. മുൻ കാലത്തുണ്ടായിരുന്നതിനേക്കാൾ കച്ചവടം ഇപ്പോൾ പകുതിയിലധികമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഭക്ഷണയിനങ്ങൾക്ക് വില കൂട്ടാൻ ഇദ്ദേഹം ഒരുക്കമല്ലതാനും.



Tags:    
News Summary - The crisis is right, but Bharathettan is not ready to raise prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.