കാഞ്ഞങ്ങാട്: ആദൂര്‍ മല്ലംപാറയിൽ പന്നിക്കുവെച്ച കെണിയിൽ കുടുങ്ങി പുലി ചത്തു. കഴിഞ്ഞദിവസം രാത്രിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പുലിയെ കെണിയിൽ കുടുങ്ങിയനിലയിൽ കണ്ടത്. വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തുമ്പോൾ പുലിക്ക് ജീവനുണ്ടായിരുന്നു. എന്നാൽ, ഏറെ അവശനിലയിലായിരുന്നു. നാലു വയസ്സിൽ കൂടുതൽ പ്രായമുള്ള പുലി കേബിൾ കുരുക്കിൽ കുടുങ്ങിയനിലയിലായിരുന്നു. മറ്റൊരു സ്ഥലത്ത് വെച്ച കുരുക്കിൽ കുരുങ്ങിയ പുലി കുരുക്ക് ഉൾപ്പെടെ വലിച്ച് അൽപം സഞ്ചരിച്ചെത്തിയതായി വ്യക്തമായിട്ടുണ്ട്. കണ്ണിനടുത്തായി പരിക്കുണ്ട്.
രാവിലെ പ്രദേശത്തുനിന്ന് പൊലീസെത്തി ആളുകളെ മാറ്റിയിരുന്നു. മയക്കുവെടിവെച്ച് പുലിയെ കൂട്ടിലാക്കാനായിരുന്നു പദ്ധതി. വയനാട്ടിൽനിന്നും കോഴിക്കോടുനിന്നുമായി മയക്കുവെടിവെക്കാൻ വിദഗ്ധ സംഘം ആദൂരിലേക്ക് യാത്രതിരിച്ചതാണ്. ഇതിനിടയിലാണ് ഉച്ചയോടെ പുലി ചത്തത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന കമ്മിറ്റിയുണ്ടാക്കി ഇവരുടെ സാന്നിധ്യത്തിൽ വിദഗ്ധ പോസ്റ്റ്മോർട്ടം നടത്തുമെന്ന് സ്ഥലത്തെത്തിയ ഡി.എഫ്.ഒ കെ. അഷറഫ് പറഞ്ഞു. വന്യമൃഗത്തെ പിടികൂടാൻ കെണിയൊരുക്കിയവർക്കെതിരെ കേസുൾപ്പെടെ നടപടിയുണ്ടാകും.
നിലവിൽ ജില്ലയില്‍ മയക്കുവെടി വെക്കാന്‍ വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥരില്ല. ദിവസങ്ങളായി പ്രദേശത്ത് പുലിസാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കാനത്തൂരില്‍ വളര്‍ത്തുപട്ടിയെ പുലി കടിച്ചുകൊണ്ടുപോയതായും നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ പുലിതന്നെയാണോ വെള്ളിയാഴ്ച രാവിലെ മല്ലംപാറയില്‍ കെണിയിൽ കുടുങ്ങി ചത്തതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.