കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് ആർ.ടി.ഒ ഓഫിസിൽ കൈക്കൂലി പണം പിരിക്കാൻ ഏജന്റിന് പ്രത്യേക ചുമതല. ഇയാളെ ഉദ്യോഗസ്ഥന്മാർ നിയന്ത്രിച്ചിരുന്നത് വാട്സ് ആപിലൂടെ. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതിന് വിവിധ ഏജന്റുമാരിൽ നിന്നും ഡ്രൈവിങ് സ്കൂളുകാരിൽനിന്നും പിരിച്ചെടുത്ത 56,520 രൂപ വിജിലൻസ് സംഘം പിടികൂടി. ഏജന്റ് രാജാകൃഷ്ണനിൽ നിന്നുമാണ് തുക പിടിച്ചെടുത്തത്.
വ്യാഴാഴ്ച വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനായുള്ളതാണ് പിടിച്ചെടുത്ത തുകയെന്ന് ഡിവൈ.എസ്.പി കെ.വി. വേണു ഗോപാൽ പറഞ്ഞു. ഏജന്റ് രാജാകൃഷ്ണനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി പിരിക്കുന്നതിന് ഉദ്യോഗസ്ഥർ നിയോഗിച്ചതായും കണ്ടെത്തി.
പിരിച്ചെടുക്കേണ്ട പണത്തിന്റെ കണക്ക് വാട്സ് ആപിൽ എ.എം.വി.ഐ രാജാ കൃഷ്ണന്റെ ഫോണിലേക്ക് അയച്ചു കൊടുത്തതായും അതുപ്രകാരം പിരിച്ചെടുത്ത കണക്ക് വെള്ളപേപ്പറിൽ എഴുതിവെച്ചതായും ഏജന്റിൽനിന്നും കണ്ടെടുത്തു.
എ.എം.വി.ഐമാരായ സാജു, ഷാഹിൽ കെ. രാജ്, സുധീഷ് എന്നിവർ നിരന്തരം ഫോണിലും വാട്സ് ആപിലും ഈ ഏജന്റുമായി ബന്ധപ്പെട്ടതായും ഫോണുകൾ പരിശോധിച്ചതിൽ കണ്ടെത്തിയതായും ഡിവൈ.എസ്.പി പറഞ്ഞു.
വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന് പുറമെ അസി. സബ് ഇൻസ്പെക്ടർ വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ. രഞ്ജിത് കുമാർ, വി. രാജീവൻ, സിവിൽ പൊലീസ് ഓഫിസർ ടി.വി. രതീഷ്, കിനാനൂർ കരിന്തളം കൃഷി ഓഫിസർ നിഖിൽ നാരായണൻ എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.