കാഞ്ഞങ്ങാട്: മോഷ്ടിച്ച ബൈക്കുമായി മോഷ്ടാവ് എ.ഐ കാമറയിൽ കുടുങ്ങിയപ്പോൾ പൊല്ലാപ്പിലായത് വാഹന ഉടമയായ ചുമട്ടുതൊഴിലാളി. മോഷ്ടാവിന്റെ നിയമ ലംഘനത്തിന് വാഹന ഉടമയായ തൊഴിലാളിക്ക് എ.ഐ കാമറ അയച്ചത് നാല് നോട്ടീസുകൾ. മോഷ്ടിച്ച ബൈക്കുമായി അജ്ഞാതൻ നിയമലംഘന ഓട്ടം നടത്തിയത് എ.ഐ കാമറയിൽ കുടുങ്ങുകയായിരുന്നു. പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളി ഏച്ചിക്കാനം ചെമ്പിലോട്ടെ കെ. ഭാസ്കരനാണ് നാലു തവണ നിയമലംഘനം നടത്തിയതിന് 500 രൂപ വീതം പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്.
കഴിഞ്ഞ ജൂൺ 27ന് വൈകീട്ടാണ് ബൈക്ക് മോഷണം പോയത്. പുതിയകോട്ട മാൻ ആർക്കേഡ് ബിൽഡിങ്ങിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് കെ.എൽ 14 എഫ് 1014 ഹീറോ പാഷൻ പ്ലസ് ബൈക്ക് കവർന്നത്. പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കേസെടുത്തിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞദിവസം പിഴചുമത്തി നോട്ടീസ് വന്നത്. കോഴിക്കാട്, കൊയിലാണ്ടി ഭാഗത്തെ എ.ഐ കാമറയിലാണ് ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച മോഷ്ടാവ് കുടുങ്ങിയത്.
തുടരെത്തുടരെ നോട്ടീസ് വന്നതോടെ ബി.എം.എസ് ചുമട്ടുതൊഴിലാളി മടിക്കൈ മേഖല വൈസ് പ്രസിഡന്റായ ഭാസ്കരൻ കഴിഞ്ഞദിവസം വീണ്ടും പൊലീസിനെ സമീപിച്ചു. ഹോസ്ദുർഗ് പൊലീസ് മോഷണത്തിന് കേസെടുത്തിട്ടുണ്ട്. മോഷ്ടാവ് നൽകിയത് എട്ടിന്റെ പണിയായതിനാൽ തൽക്കാലം പിഴ അടക്കേണ്ടെന്നാണ് തൊഴിലാളിക്ക് ലഭിച്ച നിയമോപദേശം. എ.ഐ കാമറ പുറത്തുവിട്ട ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താനാകുമോ എന്ന ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.