കാഞ്ഞങ്ങാട്: ഒരു ഗ്രാമത്തെയാകെ ഭീതിയിലാക്കി കൊള്ളയടിക്കുന്ന അശോകനെ തേടി കാഞ്ഞിരപ്പൊയിലിന്‍റെ കിഴക്കൻ പ്രദേശത്ത് അന്വേഷണം ഊർജിതം. കോടോം ബേളൂർ പഞ്ചായത്ത് പരിധി വരെ വ്യാപിച്ചു കിടക്കുന്ന 500 ഏക്കറോളം പാറപ്പുറത്താണ് വെള്ളിയാഴ്ചയും പൊലീസും നാട്ടുകാരും പരിശോധന തുടരുന്നത്.
ഡ്രോൺ ഉപയോഗിച്ച് പല ഭാഗത്തനിന്നും ആകാശ നിരീക്ഷണം നടത്തിയിട്ടും കറുകവളപ്പിലെ അശോകൻ പതിയിരിക്കുന്ന ഭാഗം മാത്രം കണ്ടെത്താൻ സാധിച്ചില്ല. പെരളത്തെ പാറപ്രദേശത്ത് ചിതറിക്കിടക്കുന്ന രണ്ട് മീറ്ററിൽ താഴെ മാത്രം ഉയരമുള്ള കാടുകളാണിവിടെ. വലിയ കല്ലുകൾക്കിടയിലെ വിള്ളലുകളുമുണ്ട്.
ഇതിനിടയിൽതന്നെ കള്ളൻ പതുങ്ങിയിട്ടുണ്ടാകാമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഇയാൾ ആക്രമിച്ച വിജിതയുടെ വീട്ടിൽനിന്നും ചോറും പഴവും ബേക്കറി ഉൽപന്നങ്ങളും കുടിവെള്ളവുമെല്ലാം ശേഖരിച്ചാണ് ഇയാൾ മടങ്ങിയത്. ഇതോടെ ഇനി കുറച്ചു ദിവസത്തേക്ക് നാട്ടിലിറങ്ങാതെ സുരക്ഷിതമാകാൻ ഇയാൾക്ക് കഴിയും. തീവെയിലിൽ പാറപ്രദേശത്ത് പൊലീസും നാട്ടുകാരും വിയർത്തൊലിച്ച് നടന്നതല്ലാതെ അശോകെന്റ പൊടിപോലും കണ്ടെത്താൻ സാധിച്ചിട്ടില്ല.
സ്ഥലത്തെ മൂന്നോളം പേരെ വകവരുത്തുമെന്നും ഇയാൾ പറഞ്ഞത് ആശങ്കയാകുന്നുണ്ട്. കാഞ്ഞങ്ങാട് ഡിവൈ.എസ്‍.പി വി. ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ 20ൽ ഏറെ പൊലീസുകാർ വീതം മൂന്ന് ടീമുകളായാണ് പരിശോധന നടത്തുന്നത്. നാട്ടുകാരും വടികളൊക്കെയായി കുന്നിലും റോഡിലുമായി തമ്പടിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി പൊലീസ് നായ് വന്നിരുന്നെങ്കിലും കുറച്ചു ദൂരം വരെ ഓടി തിരിച്ചുവന്നു.
മടിക്കൈ: കാഞ്ഞിരപ്പൊയിലിന് സമീപത്തെ കറുകവളപ്പ് സ്വദേശിയായ അശോകനുമായി (33) നാട്ടുകാർക്കും ബന്ധുക്കൾക്കും കാര്യമായ വ്യക്തി ബന്ധങ്ങളില്ല. നാട്ടുകാരിൽനിന്നൊക്കെ മാറി നിൽക്കുകയാണ് പതിവ്. സ്കൂൾ പഠന കാലത്ത് കാലിച്ചാനടുക്കം സ്വദേശിയുടെ സൈക്കിൾ മോഷ്ടിച്ചാണ് തുടക്കമിട്ടത്. പിന്നീട് സമീപവാസികളുടെ വീടുകളിലൊക്കെ ചെറിയ ഒറ്റപ്പെട്ട മോഷണങ്ങൾ നടത്തി.
10 വർഷമായി മോഷണം നാടിനു പുറത്തു കേന്ദ്രീകരിച്ചാണ്. പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച് ഇതിൽ കുട്ടികളുമായി. കാസർകോട് റൂട്ടിൽ സ്വകാര്യ ബസിൽ ക്ലീനറായി പോയതോടെ പുറത്തെ ക്രിമിനലുകളുമായി ബന്ധം സ്ഥാപിച്ചു.
പഴയങ്ങാടിയിലെ ഒരു യുവതിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ കുട്ടിയുടെ കൈകൾ തല്ലിയൊടിച്ചതുമായി ബന്ധപ്പെട്ടും കേസുണ്ട്. ഇതിനിടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എറണാകുളം സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെട്ടു. കൂട്ടുപ്രതിയായ മഞ്ജുനാഥുമായി ചേർന്ന് കടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട്ടുനിന്ന് പിടിയിലായി. കുഞ്ഞിനെ ആക്രമിച്ച സംഭവത്തിൽ ജെ.ജെ ആക്ട് പ്രകാരം കേസ് വന്ന് നാട്ടിൽ കൂടിയതോടെയാണ് ഇവിടത്തെ അക്രമ പരമ്പരകൾ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.