കാട്ടാനകളെ തടയാൻ കർണാടക വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കുന്ന വനപാലകരും നാട്ടുകാരും

കാട്ടാന ശല്യം: വനംവകുപ്പിന് സഹായമായി ജനങ്ങൾ

കാഞ്ഞങ്ങാട്: കഴിഞ്ഞ രണ്ടാഴ്ചകളിലായി പനത്തടി പഞ്ചായത്തിലെ പരിയാരം വട്ടക്കയം കാര്യങ്ങാനം ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാരും വനസംരക്ഷണസമിതി അംഗങ്ങളും വനംവകുപ്പ് ജീവനക്കാരുടെ കൂടെ ചേർന്ന് നടത്തിയ പ്രവർത്തനം മാതൃകയായി.

വനംവകുപ്പിന് മാത്രം തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന ബോധത്തോടെയാണ് ജനങ്ങൾ മുന്നിട്ടിറങ്ങിയത്. കാട് വെട്ടിത്തെളിക്കുകയും വനംവകുപ്പിന്റെ സഹായത്തോടെ ആവശ്യമായ സാധനങ്ങൾ വാങ്ങുകയും ഉപയോഗശൂന്യമായിക്കിടന്ന സോളാർവേലികൾ നന്നാക്കി അറ്റകുറ്റപ്പണികൾ ചെയ്ത് സോളാർ വേലികൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. കാര്യങ്ങാനം മുതൽ പവിത്രംകയം വരെയുള്ള നാലു കിലോമീറ്റർ സോളാർവേലി സജീവമാക്കിയതിനെ തുടർന്ന് കാട്ടാനക്കൂട്ടം ഓട്ടമല ഭാഗത്തേക്ക് പോവുകയായിരുന്നു. ഓട്ടമല ഭാഗത്തേക്ക് നീങ്ങിയ ആനക്കൂട്ടത്തെ ഇവിടെനിന്നും തുരത്തി.പ്രതിരോധ സോളാർ വേലികൾ ഉപയോഗിച്ച് വോട്ടമല വി.എസ്.എസുകാരും വനവകുപ്പ് ജീവനക്കാരും ചേർന്നാണ് കാട്ടാനകളെ തുരത്തിയത്. വേലിയിൽ കിടക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി.

മഴക്കാലമാകുമ്പോൾ കേരളത്തിൽ പലഭാഗത്തും കാട്ടാനശല്യം രൂക്ഷമാണ്. പനത്തടി സെക്ഷൻ കീഴിൽ ഓട്ടമല, റാണിപുരം വനസംരക്ഷണ സമിതികൾ ജീവനക്കാരുടെ ഒപ്പം നിന്ന് കാട്ടാനശല്യത്തിനെതിരെ മാതൃകയാവുകയാണ്. സോളാർ വേലികൾ കാട്ടാനശല്യത്തിന് ഒരുപരിധിവരെ പരിഹാരമാണ്.

സോളാർ വേലിയാണ് ഓട്ടമല, തുമ്പോടി, ചെർണൂർ, വണ്ണാർക്കയം ഭാഗത്തെ വന്യമൃഗശല്യത്തിൽനിന്ന് സംരക്ഷിക്കുന്നത്. മൂന്നു വർഷമായി ഇവിടെ ആന വേലിതകർത്ത് കയറിയിട്ടില്ല. ഡി.എഫ്.ഒ കെ. അഷ്റഫ് കാട്ടാന പ്രതിരോധത്തിന് സഹായം വാഗ്ദാനം ചെയ്തു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി. സേസപ്പയും ജീവനക്കാരും കൂടെയുണ്ട്.

Tags:    
News Summary - Wild Elephant; People help the forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.