തൃക്കരിപ്പൂർ: വംശനാശ ഭീഷണി നേരിടുന്ന വർണക്കൊക്ക് കുണിയൻ ചതുപ്പിൽ എത്തിത്തുടങ്ങി. ചൂളൻ എരണ്ട, വിവിധ കൊറ്റികൾ, ബ്ലാക്ക് ഐബിസ് പോലുള്ള പക്ഷികൾക്കിടയിൽ പിങ്ക് തൂവലുകളോടുകൂടിയ വർണക്കൊക്കുകൾ (പെയിൻറഡ് സ്റ്റോർക്) എന്നിവ കാഴ്ചക്കാരുടെ ശ്രദ്ധയേറ്റി ഇവിടെ വിഹരിക്കുന്നു. ആവാസ വ്യവസ്ഥയുടെ ശോഷണം മൂലം വംശനാശ ഭീഷണിയിലാണ് ഇവ. ഹിമാലയത്തിന് തെക്ക് മുതൽ തെക്കുകിഴക്കൻ ഏഷ്യാ ഭൂഖണ്ഡംവരെ ചതുപ്പുകളിൽ ഇവയെ കണ്ടുവരുന്നു. വർണക്കൊക്കുകളുടെ എണ്ണം വർഷം തോറും കുറഞ്ഞുവരുന്നതായി പഠനങ്ങളുണ്ട്. ആഹാര ലഭ്യതയോ പ്രജനനമോ ആവശ്യമായി വരുമ്പോൾ മാത്രം ചെറുദൂരങ്ങൾ താണ്ടുന്ന ഈ പറവകൾ ദേശാടകരല്ല. 'മിക്റ്റേറിയ ലുകോസെഫാല' എന്നാണ് ശാസ്ത്രനാമം.
അഗ്രഭാഗം അകത്തേക്ക് വളഞ്ഞ മഞ്ഞ കൊക്കുപയോഗിച്ചാണ് വെള്ളത്തിൽനിന്ന് മീനുകളെയും ചെറുജീവികളെയും പിടികൂടുന്നത്. മുതിർന്ന പക്ഷികളുടെ ഓറഞ്ച് ശിരസിൽ തൂവലില്ല. വെളുത്ത ദേഹത്ത് നെഞ്ചിലെ കറുത്ത തൂവലുകൾ സവിശേഷതയാണ്. പിൻവശത്തെ പിങ്ക് നിറമാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. ഒരു മീറ്റർ ഉയരമുള്ള കൊക്കിെൻറ ചിറകുകൾ വിടർത്തിയാൽ ഒന്നര മീറ്ററിലേറെ വിസ്തൃതിയുണ്ട്. ചൂടുപിടിച്ച് ഉയരുന്ന വായുവിനൊപ്പം പൊങ്ങിപ്പറക്കുന്ന ശീലമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.