തൃക്കരിപ്പൂർ: കേരളത്തിൽനിന്ന് പുറപ്പെട്ട് ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫലിയുടെ സൈക്കിൾ യാത്രക്ക് ജൂൺ ഒന്നിന് ലണ്ടനിൽ പരിസമാപ്തി. 15 മാസത്തോളം നീണ്ട യാത്രക്കിടയിൽ 30 രാജ്യങ്ങളിലൂടെയാണ് 22,800 കിലോമീറ്റർ സഞ്ചരിച്ചത്. വിസയുമായി ബന്ധപ്പെട്ട കുരുക്കഴിക്കാൻ രണ്ടു തവണയായി ഏഴു മാസത്തോളം സ്വദേശത്ത് തങ്ങേണ്ടിവന്നു. ഇന്ത്യയിൽനിന്ന് ആരംഭിച്ച് ഒമാൻ, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കിയ, ഗ്രീസ്, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, സ്ലൊവീനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ജർമനി, ഡെന്മാർക്, നോർവേ, പോളണ്ട്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ്, യു.കെ എന്നിങ്ങനെയായിരുന്നു യാത്രാപഥം.
വിദേശരാജ്യങ്ങളിൽ അവിടത്തുകാരുടെ ആതിഥ്യം സ്വീകരിച്ച് അന്തിയുറങ്ങിയത് യാത്ര സമ്മാനിച്ച മറക്കാനാവാത്ത അനുഭവമാണെന്ന് ഫായിസ് പറഞ്ഞു. ഇറാനിൽ 12 കുടുംബങ്ങളാണ് വീടുകളിൽ ആഹാരം ഉൾപ്പെടെ സൗകര്യം നൽകിയത്. ഇറാഖിൽ ഏഴും ഡെന്മാർക്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ അഞ്ചുവീതവും തുർക്കിയയിൽ നാലും സെർബിയയിൽ രണ്ടും വീട്ടുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. സുരക്ഷ കാരണങ്ങളാൽ മുറിയെടുത്ത് താമസിക്കേണ്ടിവന്നിട്ടുണ്ട്. മറ്റിടങ്ങളിൽ മിക്കപ്പോഴും ടെന്റടിച്ചാണ് താമസിച്ചിരുന്നത്. ഗുരുദ്വാരകൾ, സത്രങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയും ആശ്രയമായി.
വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരെ കാണാൻ സാധിച്ചു. വഴിനീളെ സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ, സീറോ കാർബൺ, ആരോഗ്യ പരിപാലനം, സമാധാനം എന്നിങ്ങനെ സന്ദേശം കൈമാറി. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നെതർലൻഡ്സ് മനംകവർന്നു. യാത്രക്കിടെ പരിചയപ്പെട്ട ഡച്ച് കുടുംബത്തിനൊപ്പമാണ് ഏതാനും നാളുകൾ തങ്ങിയത്. മനോഹരമായി സജ്ജീകരിച്ചിട്ടുള്ള സൈക്കിൾ ട്രാക്കുകൾ നെതർലൻഡ്സിൽ കാണാം. യാത്രക്കിടെ ബെൽജിയത്തിൽ ഇന്ത്യൻ ഹോക്കി ടീമിനെ കണ്ടുമുട്ടിയിരുന്നു.
വിസയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് രണ്ടുതവണ നാട്ടിൽ വന്നു. ദുബൈയിലും തുർക്കിയയിലും ഇപ്പോൾ ലണ്ടനിലും കുടുംബം ഫായിസിനെ സ്വീകരിക്കാനുണ്ട്. വ്യാഴാഴ്ച യു.കെ അതിർത്തി തുറമുഖമായ ഡോവർ പോർട്ടിൽ ഫായിസിനെ സ്വീകരിക്കാൻ മാതാവ് കെ.പി. ഫൗസിയയും എത്തിയിരുന്നു. യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച രണ്ടുമണിക്ക് ലണ്ടൻ ടവർ ബ്രിഡ്ജ് മുതൽ സൈക്കിൾ റാലിയും ഏർപ്പാടാക്കിയിട്ടുണ്ട്. ലണ്ടൻ കേരള സൈക്കിൾ ക്ലബ്, നമ്മുടെ കോഴിക്കോട് കൂട്ടായ്മ, യു.കെയിലെ മലയാളി സമൂഹം എന്നിവയാണ് സ്വീകരണമൊരുക്കുന്നത്. ഒളിമ്പിക്സ് കൂടി കണ്ടശേഷം ആഗസ്റ്റ് 15ന് നാട്ടിൽ തിരിച്ചെത്തുന്ന രീതിയിലാണ് മടക്കയാത്ര. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ ഫായിസ് എൻജിനീയറാണ്. ജോലി രാജിവെച്ചാണ് യാത്രക്കിറങ്ങിയത്. നേരത്തേ കേരളത്തിൽനിന്ന് സിംഗപ്പൂരിലേക്ക് സൈക്കിൾയാത്ര നടത്തിയിട്ടുണ്ട്. ഭാര്യ: ഡോ. അസ്മിൻ ഫായിസ്, കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ അസി. പ്രഫസറാണ്. മക്കൾ: ഫഹസിൻ ഉമർ, ഐസിൻ നഹേൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.