തൃക്കരിപ്പൂർ: വടക്കേ അമേരിക്കയിലെ തണുത്തുറഞ്ഞ മേഖലകളിലും യൂറേഷ്യൻ ഭൂഖണ്ഡത്തിലും കടലോരത്ത് കണ്ടുവരുന്ന ദേശാടന പറവയെ കേരളത്തിൽ വീണ്ടും ചതുപ്പിൽ കണ്ടെത്തി. കുണിയൻ ചതുപ്പിൽ തൃക്കരിപ്പൂർ പൂച്ചോലിലെ ഫോട്ടോഗ്രാഫർ അഭിലാഷ് പത്മനാഭനാണ് ഇതിനെ നിരീക്ഷിച്ചത്.
'റെഡ് നെക്ഡ് ഫലറോപ്' എന്ന ഈ പക്ഷിക്ക് 'പമ്പരക്കാട' എന്നാണ് കേരളത്തിലെ വിളിപ്പേര്. പമ്പരംപോലെ കറങ്ങുന്ന സ്വഭാവമുണ്ട്. ഉഷ്ണമേഖല പ്രദേശങ്ങളിലെ കടൽതീരങ്ങൾ തേടി കടൽ വഴിയാണ് ഇവയുടെ ദേശാടനം. അറബിക്കടലിനു മുകളിലൂടെ ആറായിരത്തോളം കിലോമീറ്റർ പറന്നാണ് ഇവ കേരളത്തിലെത്തുന്നത്. ഇടക്ക് ജലോപരിതലത്തിൽ വിശ്രമിക്കുന്നു. സ്വദേശത്തെ മഞ്ഞുകാലം മുഴുവൻ ഈ പക്ഷികൾ ദേശാടനത്തിനായി ഉപയോഗിക്കുന്നു.
തീരദേശം വിട്ട് മറ്റെങ്ങും റെഡ് ഫലറോപ് കണപ്പെടാറില്ലെന്ന് പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട വിഖ്യാത പോർട്ടൽ 'ഇബേർഡ്' രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഇടനാടൻ, മലനാടൻ ചതുപ്പുകളിൽ ഇവ കാണപ്പെടുന്നത്. 2012ൽ കൊല്ലം നീണ്ടകരയിലും 2014ൽ വലിയഴീക്കലിലും കടലോരത്ത് ഇവയെ കണ്ടിട്ടുണ്ട്. പിന്നീട് കണ്ണൂർ പഴയങ്ങാടി ഏഴോം കൈപ്പാടിൽ പക്ഷികൾ എത്തിച്ചേർന്നു. ഈ വർഷവും കടലോരം വിട്ട് കുണിയൻ ചതുപ്പിൽ എത്തിയിരിക്കുകയാണ്. പ്രജനനകാലത്ത് ചുവപ്പണിയുന്ന, പെൺപക്ഷിക്ക് ചന്തം കൂടും. വെള്ളക്കവിളുകളും കറുത്ത തൊപ്പിപോലുള്ള തലയും. മറ്റു സമയങ്ങളിൽ വെളുപ്പും ചാരയും കറുപ്പും കലർന്ന നിറമാണ്. ഈ കുടുംബത്തിൽ വലുപ്പക്കൂടുതൽ ചുവപ്പ് കഴുത്തൻ ഫലറോപ്പിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.