തൃക്കരിപ്പൂർ: എടാട്ടുമ്മൽ ഗ്രാമത്തിൽനിന്ന് ഫുട്ബാളിന്റെ ദേശാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയ കൊൽക്കൊത്ത നഗരത്തിൽ ഒരു വ്യാഴവട്ടത്തിനുശേഷം എം. സുരേഷ് വീണ്ടുമെത്തി. ലക്ഷത്തിലേറെ കാണികൾ ആർപ്പുവിളിക്കുന്ന സാൾട്ട് ലേക്കിലെ പുൽതകിടിയിൽ ഒരിക്കൽക്കൂടി സുരേഷ് ബൂട്ടണിഞ്ഞു.
ഫെഡറേഷൻ കപ്പ് വിജയവും ദേശീയ ലീഗ് കിരീടവും ഇന്ത്യൻ ക്ലബ് ഫുട്ബാളിന് ചരിത്ര നിമിഷം സമ്മാനിച്ച ആസിയൻ കപ്പ് വിജയവും എല്ലാം സുരേഷിന് സമ്മാനിച്ചത് കൊൽക്കത്തയാണ്. ഒരുചാരിറ്റി മാച്ചുമായി ബന്ധപ്പെട്ട് ഐ.എം. വിജയനൊപ്പമാണ് സുരേഷ് വംഗനാട്ടിലെത്തിയത്. വിജയങ്ങളുടെ ആനന്ദക്കണ്ണീർ തുടച്ചും പരാജയങ്ങളുടെ കയ്പുനീർ കുടിച്ചും കടന്നുപോയ സായാഹ്നങ്ങൾ സുരേഷ് ഓർക്കുന്നു.
ഇതിഹാസ താരങ്ങളായ ഒളിമ്പ്യൻ റഹ്മാൻ, സേവ്യർ പയസ്, വി.പി. സത്യൻ, യു. ഷറഫലി, ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി തുടങ്ങിയരുടെ ഇളമുറക്കാരനായി എം.ആർ.സി കൃഷ്ണന്റെ മകനെ തേടിവന്നു. മോഹൻ ബഗാന്റെ ജഴ്സിയിൽ അരങ്ങേറി, ഈസ്റ്റ് ബംഗാൾ ജഴ്‌സിയിൽ പന്തുതട്ടിയ നിരവധി വർഷങ്ങൾ. ബംഗാളികളുടെ അംഗീകാരം ലഭിക്കണമെങ്കിൽ ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ മത്സരങ്ങളിൽ ആരാധകരുടെ ആഗ്രഹങ്ങൾക്കൊപ്പം ഉയരണമെന്ന് സുരേഷ് പറയും. വിജയത്തിൽ കുറഞ്ഞൊന്നും ഗാലറികൾക്ക് സഹിക്കില്ല.
13 വർഷങ്ങൾക്കിപ്പുറം വീണ്ടും മൈതാനത്ത് ഇറങ്ങിയപ്പോൾ ഗാലറികളിൽ നിന്നുണ്ടായ പ്രതികരണം ഗൃഹാതുരത ഉണർത്തുന്നതായിരുന്നു. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് കൊൽക്കത്തയിലെ പ്രിയപ്പെട്ട ആരാധകർ അവരുടെ മനസ്സിലാണ് ഫുട്ബാളർക്ക് ഇടം നൽകിയത്.
സുരേഷിന്റെ ഫുട്ബാൾ കരിയറിന്റെ തുടക്കവും ഒടുക്കവും കൊൽക്കത്തയിലായിരുന്നു. ഇപ്പോൾ ആരോഗ്യ വകുപ്പിൽ ജീവനക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.