തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ വിവിധ ബാങ്കുകൾ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിന് മുകളിൽ നിർമിച്ച കൂറ്റൻ ജലസംഭരണി തകർന്നുവീണു. അഗ്നിരക്ഷ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതോടനുബന്ധിച്ച് നിർമിച്ച ടാങ്കാണ് തകർന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് തൂണുകളിൽ സ്ഥാപിച്ച ടാങ്കിന്റെ ഒരുവശം പൊട്ടിത്തകരുകയായിരുന്നു. 30,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണിത്. തകർന്ന ടാങ്കിലുണ്ടായിരുന്ന വെള്ളവും കല്ലുകളും മറ്റും കെട്ടിടത്തിന്റെ പാരപ്പറ്റ് തകർത്ത് റോഡിലേക്ക് പതിച്ചു.
വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും ഒഴുക്കിൽ എതിർവശത്തെ ടെറി ബെറി ടെക്സ്റ്റൈൽസിന്റെ നെയിം ബോർഡും ഡോർ ഗ്ലാസും തകർന്നു. വൈദ്യുതിലൈനും പൊട്ടി നിലംപതിച്ചു. റോഡിലൂടെ പോകുകയായിരുന്ന കാർ യാത്രികനും കാൽനടക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയാണിത്. അവധിദിവസമായതും അതിരാവിലെ സംഭവം നടന്നതും വൻ ദുരന്തമൊഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.