തൃക്കരിപ്പൂർ: പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ചെലവഴിച്ച് തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് രോഗികളെ എത്തിക്കാൻ റാമ്പ് നിർമിച്ചില്ല. സ്ത്രീകളുടെ വാർഡായി മാറ്റുന്ന ഒന്നാം നിലയിലേക്ക് രോഗികളെ എത്തിക്കാൻ സ്ട്രെച്ചറോ വീൽച്ചെയറോ ഉപയോഗിക്കാൻ നിലവിൽ സാധിക്കില്ല.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കുട്ടികളുടെയും സ്ത്രീകളുടെയും ഒ.പിയും ഏറ്റവും മുകളിൽ പ്രതിരോധ കുത്തിവെപ്പുകൾ നടത്താനും മീറ്റിങ്ങുകൾ നടത്താനുമാണ് ഉപയോഗിക്കുക. സ്ഥലപരിമിതി മൂലമാണ് റാമ്പ് നിർമിക്കാൻ സാധിക്കാത്തത് എന്നാണ് അനൗദ്യോഗിക വിശദീകരണം.
മറ്റൊരു പദ്ധതിയിൽ റാമ്പ് നിർമിക്കുമെന്നും സൂചനയുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ രോഗികൾക്ക് നടന്നുതന്നെ വാർഡിൽ എത്തേണ്ടി വരും. രാത്രി സേവനം വൈകീട്ട് ആറുമുതൽ 11 വരെയാണ്. കാഷ്വാലിറ്റി കൂടി സജ്ജമാകുന്നതോടെ രോഗികൾക്ക് ഏതുനേരവും ആശ്രയിക്കാവുന്ന രീതിയിലേക്ക് ആശുപത്രി ഉയരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും തൽക്കാലം നടപ്പാവില്ല. അനുബന്ധ തസ്തികകൾ അനുവദിക്കാത്തതാണ് കാരണം.
ഗൈനക്കോളജി വിഭാഗത്തിൽ ഒരു ഡോക്ടർ ഉണ്ടെങ്കിലും ഐ.പി വിഭാഗം ആരംഭിക്കാനും സാധിച്ചിട്ടില്ല. നിലവിലുള്ള ഡോക്ടറും അടുത്തുതന്നെ സ്ഥലം മാറിപ്പോകുമെന്ന് അറിയുന്നു. പ്രസവ ചികിത്സക്ക് ആശുപത്രി സജ്ജമാകാത്തത് വലിയൊരു പോരായ്മയായി അവശേഷിക്കുന്നു. 2010 ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയ സ്ഥാപനത്തിൽ സ്ത്രീരോഗ വിഭാഗവും അസ്ഥിരോഗ വിഭാഗവും, കുട്ടികളുടെ വിഭാഗവും സ്പെഷ്യാലിറ്റി വിഭാഗമായി പ്രവർത്തിച്ചു വരുന്നു.
ഷിഫ്റ്റുകളിലൂടെ 42 ഓളം പേർക്ക് ഡയാലിസിസ് സൗകര്യവും ഓഡിയോ മെട്രി സൗകര്യത്തോടു കൂടിയ കേൾവി പരിശോധന കേന്ദ്രവും എക്സ് റേ വിഭാഗവും കൗൺസിലിങ് സൗകര്യവും കൗമാരക്കാരുടെ കൗൺസിലിങ് സെന്ററുമുണ്ട്. പഞ്ചായത്തിലെ രോഗികൾക്ക് വേണ്ടിയുള്ള സെക്കൻഡറി പാലിയേറ്റീവ് സംവിധാനവും മികച്ച ഫിസിയോതെറാപ്പി സേവനവും ലഭ്യമാണ്. പുതിയ കെട്ടിടം ഒന്നിന് വൈകീട്ട് അഞ്ചിന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വാട്ടർ എ.ടി.എമ്മും സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.