തൃക്കരിപ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ഒടുവിൽ ലഭിച്ച ഭൂരിപക്ഷം വീണ്ടെടുക്കാൻ ഇടതുമുന്നണിക്ക് സാധിക്കുമോ? ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് ലഭിക്കാറുള്ള മേൽക്കൈ ആവർത്തിക്കാൻ അവർക്ക് കഴിയുമോ ? മണ്ഡലത്തിലെ 2,03,556 വോട്ടർമാരിൽ 1,60,460 പേരാണ് വോട്ട് ചെയ്യാനെത്തിയത്.
ബൂത്തടിസ്ഥാനത്തിലുള്ള കണക്കുകൾ കൂട്ടിയും ഗണിച്ചുമാണ് പോളിങ് കഴിഞ്ഞുള്ള ദിവസങ്ങൾ കടന്നുപോകുന്നത്. മണ്ഡലരൂപവത്കരണം മുതൽ ഇടതുമുന്നണിയെമാത്രം വിജയിപ്പിച്ച ചരിത്രമാണ് തൃക്കരിപ്പൂരിന്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് ഏറ്റവും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷം (1899) മണ്ഡലത്തിൽ നേടിയത്.
അതേസമയം, മണ്ഡലത്തിൽ യു.ഡി.എഫ് പ്രതീക്ഷപുലർത്തുന്നതും ഈ മേഖലയിലാണ്. പക്ഷേ, ശക്തികേന്ദ്രങ്ങളിൽ പോളിങ് ശതമാനം ഉയർത്താൻ സാധിക്കാത്തത് അവർക്ക് തിരിച്ചടിയാണ്. 78.03 ശതമാനമാണ് മണ്ഡലത്തിലെ പോളിങ് നില. ഇവയിൽതന്നെ യു.ഡി.എഫ് ഭരണസമിതി നിലവിലുള്ള വെസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ സെക്ടറിലാണ് മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്.
കണ്ണിവയൽ അധ്യാപക പരിശീലനകേന്ദ്രത്തിലെ 86ാം ബൂത്തിൽ 55.12 ശതമാനം മാത്രമാണ് പോൾ ചെയ്തത്. ഇവിടെ 956 വോട്ടർമാരിൽ 527 പേരാണ് വോട്ട് ചെയ്തത്. ഇതേ വില്ലേജിൽ 82ാം ബൂത്തായ കാവുന്തല സൺഡേ സ്കൂളിൽ 58.79ഉം (468/796) പാലവയൽ സെന്റ് ജോൺസിലെ 89ാം ബൂത്തിൽ 59.96 (761/1269) ശതമാനവുമാണ് പോളിങ്.
യു.ഡി.എഫ് മേഖലയിൽ വോട്ടർമാരെ എത്തിക്കാൻ സാധിക്കാത്തത് വരുംദിവസങ്ങളിൽ ചർച്ചയാകും.അതേസമയം, 18 എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ 90 ശതമാനത്തിലേറെ വോട്ടുകൾ പോൾ ചെയ്യിക്കാൻ അവർക്ക് സാധിച്ചു.
സി.പി.എം ശക്തികേന്ദ്രമായ തിമിരിയിലെ 38ാം ബൂത്തിലാണ് മണ്ഡലത്തിലെ എറ്റവും ഉയർന്ന പോളിങ് (96.58) രേഖപ്പെടുത്തിയത്. വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 126ാം ബൂത്താണ് പോളിങ് 96 ശതമാനം കവിഞ്ഞ മറ്റൊന്ന്. ഇവിടവും ഇടതുമുന്നണിയുടെ പൊന്നാപുരം കോട്ടയാണ്.
നീലേശ്വരം നഗരസഭയിലെ പേരോൽ സെക്ടറിലെ പാലായി (ബൂത്ത് 24), ചാത്തമത്ത് (28), കയ്യൂർ ചീമേനിയിലെ കയ്യൂർ (30), ചെറിയാക്കര (31), മുഴക്കോം (34, 35), ചീമേനി സെക്ടറിൽ പുലിയന്നൂർ (43), കുണ്ട്യം (44), ചെറുവത്തൂർ കാരിയിൽ (95), പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് (122), പൊള്ളപ്പൊയിൽ (124), വെള്ളച്ചാൽ (127), ഓലാട്ട് (129), പടന്ന ഉദിനൂർ (137), വടക്കേക്കാട് (152), തൃക്കരിപ്പൂര്‍ മൈത്താണി (168) പോളിങ് 90 ശതമാനത്തിലേറെയാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.