ജോസിന്‍ ടൈറ്റസ്, എം.എച്ച്. മുഹമ്മദ് അഫസൽ, പി. രഞ്ജിത്ത്​, പി. ഉനൈസ്

കാർ മോഷ്​ടിച്ച സംഭവം: നാലു പ്രതികൾ റിമാൻഡിൽ

ഉദുമ: പാലക്കുന്നിൽനിന്ന്​ മോഷണംപോയ ദന്തഡോക്ടറുടെ കാർ മോഷ്​ടിച്ച സംഘത്തിലെ നാലുപേരെ റിമാൻഡ് ചെയ്തു. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്​റ്റ്​​ ക്ലാസ് മജിസ്ട്രേറ്റ്​​ കോടതിയാണ് നാലു പ്രതികളെയും റിമാൻഡ് ചെയ്തത്.

മോഷണംപോയ കാർ കോയമ്പത്തൂരിൽനിന്ന്​ ബേക്കൽ പൊലീസ് പിടികൂടിയിരുന്നു. അഞ്ച് പേർക്കെതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്​റ്റർ ചെയ്തത്. ഇതിൽ നാലു പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്​റ്റ്​​ ചെയ്ത്​ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

അന്തർസംസ്ഥാന വാഹന മോഷ്​ടാക്കളാണ് പിടിയിലായത്. ഒന്നാം പ്രതി കാസർകോട് വിദ്യാനഗർ കോപ്പയിലെ എം.എച്ച്. മുഹമ്മദ് അഫസൽ (24), മറ്റു പ്രതികളായ വയനാട് കൽപറ്റയിലെ പി. രഞ്ജിത്ത്​, ബത്തേരിയിലെ പി. ഉനൈസ്, സുല്‍ത്താന്‍ ബത്തേരി മട്ടത്തില്‍ ഹൗസിൽ ജോസിന്‍ ടൈറ്റസ് എന്നിവരാണ് പിടിയിലായത്. പാലക്കുന്നിൽനിന്ന്​ കാർ മലപ്പുറത്തേക്ക് ഓടിച്ചുകൊണ്ടുപോയ ആളെ പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 29ന് പകൽ രണ്ടു മണിക്കാണ് പാലക്കുന്ന് ക്ഷേത്രത്തിന് എതിർവശത്തെ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന കർണാടക രജിസ്ട്രേഷനുള്ള ക്രേറ്റ കാർ കാണാതാവുന്നത്.

ഉഡുപ്പി സ്വദേശിയും കാസർകോട് ചൂരിയിൽ താമസക്കാരനുമായ ഡോ. നവീൻ ഡയസി‍െൻറ കാറാണ് മോഷ്​ടിക്കപ്പെട്ടത്. പാലക്കുന്നിലെ ക്ലിനിക്കിൽ എത്തിയതായിരുന്നു ഡോക്ടർ.

കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ജനുവരിയിൽ തന്നെ ഈ കാറി‍െൻറ ഒരു താക്കോൽ കൈവശപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ആ താക്കോൽ ഉപയോഗിച്ചാണ് മൂന്ന് മാസങ്ങൾക്കുശേഷം കാർ പാലക്കുന്നില്‍നിന്ന്​ മോഷ്​ടിക്കുന്നത്.

മോഷ്​ടിച്ച കാർ ആദ്യം മലപ്പുറം അരീക്കോട് എത്തിക്കുകയും അവിടെനിന്നും കോയമ്പത്തൂരിൽ വിൽക്കുകയുമായിരുന്നു. കാസർകോട്ടെ ഒരുകടയിൽനിന്ന്​ ഫർണിച്ചർ വീട്ടിലെത്തിയ ദിവസമാണ് താക്കോൽ കാണാതായതെന്നറിഞ്ഞതോടെ പൊലീസ് ആ വഴിക്ക് നീങ്ങി​.

അന്ന് ഡ്രൈവറായി എത്തിയത് ഈ കേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട അഫ്സൽ ആയിരുന്നു. കാർ മോഷണംപോയ ദിവസം അഫ്സലി‍െൻറ സാന്നിധ്യം പാലക്കുന്നിൽ ഉണ്ടായിരുന്നുവെന്നുകൂടി സ്ഥിരീകരിച്ചതോടെ അന്വേഷണം ഇയാളില്‍ കേന്ദ്രീകരിക്കുകയായിരുന്നു.  

Tags:    
News Summary - car theft case 4 accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.