ഉദുമ: ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ടിക്കറ്റ് വിൽക്കുകയും ഫീൽഡിൽ പണിയെടുക്കുകയും ചെയ്ത കുടുംബശ്രീക്കാർക്ക് വേതനം നൽകിയില്ല. ഫെസ്റ്റ് നടന്ന് ഒരുമാസം പിന്നിട്ടിട്ടും സ്ത്രീജീവനക്കാർക്കുള്ള വേതനം നൽകാത്തതിൽ കുടുംബശ്രീ പ്രവർത്തകർ വൻപ്രതിഷേധത്തിലാണ്.
പത്ത് ദിവസം ഫെസ്റ്റ് മേഖലയിൽ പ്രവർത്തിച്ച സ്ത്രീകൾക്ക് പ്രതിദിനം 900 രൂപയാണ് വേതനം നിശ്ചയിച്ചത്. ഉച്ചക്ക് രണ്ട് മുതൽ രാത്രി രണ്ട് വരെ ഇവർ ജോലി ചെയ്തു. ഈ ഇനത്തിൽ ഒരാൾക്ക് ഒമ്പതിനായിരം രൂപ വരെ വേതനം നൽകണം. എന്നാൽ ഫെസ്റ്റ് കഴിഞ്ഞദിവസം പുതുവർഷത്തിൽ 1500രൂപ മാത്രമാണ് നൽകിയത്. ഫെസ്റ്റ് സാമ്പത്തിക നഷ്ടത്തിലായതോടെ സ്ത്രീജീവനക്കാരുടെ വേതനത്തിലാണ് സംഘാടകർ കത്തിവെച്ചത്. രാത്രി ജോലി ചെയ്തവർക്ക് 500രൂപ, പകൽ ജോലി ചെയ്തവർക്ക് 400 രൂപ എന്നിങ്ങനെ വേതനം വെട്ടിക്കുറക്കുകയായിരുന്നു.
ഫെസ്റ്റിന്റെ ടിക്കറ്റുകൾ കുടുംബശ്രീ വഴിയാണ് വിറ്റത്. 20ശതമാനം കമീഷൻ ലഭിക്കുമെന്നുകരുതി പാവപ്പെട്ട സ്ത്രീകൾ പരമാവധി ടിക്കറ്റ് വിൽക്കുകയുണ്ടായി. പത്ത് രൂപ കമീഷൻ ലഭിക്കേണ്ടിടത്ത് അഞ്ച് രൂപ മാത്രമേ നൽകാൻ പറ്റുകയുള്ളൂവെന്നാണ് സംഘാടക സമിതി പറയുന്നതെന്ന് കുടുംശ്രീ വനിതകൾ പറയുന്നു. കഴിഞ്ഞ വർഷം 20 ശതമാനം കമീഷൻ നൽകുമെന്ന് പറഞ്ഞിരുന്നു.
തുക പഞ്ചായത്ത് സി.ഡി.എസിനു കൈമാറിയിരുന്നുവെങ്കിലും ടിക്കറ്റ് വിറ്റവർക്ക് വേതനം ലഭിച്ചില്ല. ആറിന് തീരുമാനം അറിയിക്കാമെന്നാണ് പറയുന്നതെന്നും നിശ്ചയിച്ച വേതനം നൽകാൻ അതുവരെ കാത്തിരിക്കേണ്ട ആവശ്യമെന്താെണന്നും കുടുംബശ്രീ പ്രവർത്തകർ ചോദിക്കുന്നു.
പരിപാടി അവതരിപ്പിച്ചവർക്കും പന്തൽ പണിക്കാർക്കുമടക്കം പണം കൊടുത്തിട്ടും പാവപ്പെട്ട സ്ത്രീകൾക്ക് മാത്രമാണ് കൂലികൊടുക്കാത്തതെന്നും അവർ പറയുന്നു. ആറിന് പണം ലഭിച്ചില്ലെങ്കിൽ ബി.ആർ.ഡി.സിയിലേക്ക് മാർച്ച് നടത്തുമെന്നും കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.
ഇത്തവണ ബീച്ച് ഫെസ്റ്റ്വൽ നഷ്ടത്തിലാണ് കലാശിച്ചത്. ആളുകൾ കുറവായിരുന്നു. 100 രൂപയായി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചപ്പോൾ ആളുകൾ നന്നേ കുറഞ്ഞു. പിന്നാലെ ടിക്കറ്റ് നിരക്ക് കുറച്ചപ്പോഴും ആളുകൾ വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.