ഉദുമ: പാലക്കുന്ന് ടൗണിലെ അനധികൃത തട്ടുകടകൾ അധികൃതർ നീക്കി. ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഉദുമ പഞ്ചായത്ത്, ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ക്ലീൻ ആൻഡ് ബ്യൂട്ടി ഉദുമ’യുടെ ഭാഗമായാണ് തട്ടുകടകൾ നീക്കിയത്. പല തട്ടുകടകളും ഉടമസ്ഥർ ഇല്ലാത്തതോ ഭീമമായ തുകക്ക് മേൽവാടകക്ക് നൽകുന്നതോ ആണ്. പലതും പ്രവർത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലും ഒരു അനുമതിയും ഇല്ലാതെയുമാണ്.
ഉദുമ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി മാറുന്ന ഉദുമ ബീച്ച് ടൂറിസം പദ്ധതിയും ക്ലീൻ ആൻഡ് ബ്യൂട്ടി ഉദുമ പദ്ധതിയും നടപ്പിലാക്കുന്നത് പഞ്ചായത്ത് ഭരണ സമിതി പുതുതായി രൂപവത്കരിച്ച ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വർക്കിങ് ഗ്രൂപ്പിന് കീഴിലാണ്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വർക്കിങ് ഗ്രൂപ്പിന്റെ ചെയർമാൻ കൊപ്പൽ വാർഡ് അംഗം ജലീൽ കാപ്പിലും വൈസ് ചെയർമാൻ കോട്ടിക്കുളം വാർഡ് അംഗം വിനയകുമാറുമാണ്.
ക്ലീൻ ആൻഡ് ബ്യൂട്ടി ഉദുമക്ക് നേതൃത്വം നൽകുന്ന ജനകീയ കമ്മിറ്റി ചെയർമാൻ കുട്ടി പാലക്കുന്നും വർക്കിങ് ചെയർമാൻ ജംഷീദ് പാലക്കുന്നും കൺവീനർ ദിവാകരൻ ആറാട്ടുകടവും ട്രഷറർ പ്രമോദ് മൂകാംബികയുമാണ്. പാലക്കുന്ന് ടൗണിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്ക് വ്യാപാരികളുടെയും തൊഴിലാളികളുടെയും പൂർണ പിന്തുണയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.