ഉപ്പള: ദിനേന നിരവധി രോഗികൾ ചികിത്സക്കെത്തുന്ന മംഗൽപാടി താലൂക്ക് ഹെഡ് ക്വോർട്ടേഴ്സ് ആശുപത്രിയിൽ മതിയായ ഡോക്ടർമാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരോഗ്യവകുപ്പ് നിർത്തലാക്കി.
എട്ട് ഡോക്ടർമാരുടെ തസ്തികയാണ് താലൂക്ക് ആശുപത്രിയിലുള്ളത്. ഇതിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒരു ഡോക്ടറടക്കം അഞ്ച് ഡോക്ടർമാരാണ് നിലവിലുള്ളത്. ഇവരെ ഉപയോഗിച്ച് ഇനിയും രാത്രികാല സേവനം നടത്താനാവില്ലെന്നും അതിനാൽ ഒക്ടോബർ 30ന് വൈകീട്ട് ആറുമുതൽ രാത്രികാല ഐ.പിയും അത്യാഹിത വിഭാഗം സേവനവും നിർത്തലാക്കുന്നുവെന്നുമാണ് ആരോഗ്യ വിഭാഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചത്. ഇതിനെതിരെ എ.കെ.എം. അഷ്റഫ് എം.എൽ.എ രംഗത്തെത്തി.
ആരോഗ്യവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്നും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും എ.കെ.എം. അഷ്റഫ് എം.എൽ.എ ആവശ്യപ്പെട്ടു. രാത്രികാല സേവനം നിർത്തലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജിനും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനക്കും അദ്ദേഹം കത്തയച്ചു. ഫോണിലൂടെയും എം.എൽ.എ ഇരുവരോടും ഇക്കാര്യം ആവശ്യപ്പെട്ടു. ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്.
ആരോഗ്യ രംഗത്ത് പിന്നാക്കം നിൽക്കുന്ന ജില്ലയുടെ അതിർത്തി പ്രദേശത്തുള്ള താലൂക്ക് ആശുപത്രിയോട് കാലങ്ങളായി സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും താലൂക്ക് ആശുപത്രിയിൽ നിലവിലെ തസ്തിക പ്രകാരമുള്ള എട്ട് ഡോക്ടർമാരെയും അടിയന്തരമായി നിയമിക്കണമെന്നും കൂടുതൽ ഡോക്ടർമാരുടെ തസ്തിക അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് കിഫ്ബിയിൽനിന്ന് അനുവദിച്ച കെട്ടിടത്തിന്റെ നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കിഫ്ബി ഉദ്യോഗസ്ഥരുമായി എം.എൽ.എ ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.