കുമ്പള: മന്ത്രവാദം നടത്തി മകൾക്ക് വരനെ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 1,20,000 രൂപ തട്ടിയെടുത്ത മന്ത്രവാദിയിൽ നിന്നും പണം തിരികെ എൽപ്പിച്ച് യുവാക്കൾ. ഉപ്പളയിലാണ് സംഭവം. ഒരു മാസം മുമ്പ് കുമ്പള സ്വദേശിനിയായ വീട്ടമ്മ മകൾക്ക് വരനെ തരപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട് ഉപ്പളയിലെ മന്ത്രവാദിയെ സമീപിച്ചിരുന്നു. ആദ്യം ഇതിന് ഒരു പൂജ നടത്തണമെന്ന് പറഞ്ഞ് മന്ത്രവാദി 201 രൂപ തന്റെ ഗൂഗിൾ പേ വഴി ആയക്കാൻ ആവശ്യപ്പെടുകയും വീട്ടമ്മ പണം അയക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം മന്ത്രവാദി വീട്ടമ്മയെ ഫോണിൽ വിളിച്ച് മകൾക്ക് വലിയ ദോഷം കാണുന്നുണ്ടെന്നും ഇത് തീർക്കാൻ 20, 000 രൂപ അയച്ചു തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. പിന്നീടും പല കാരണങ്ങൾ പറഞ്ഞ് ഒരു ലക്ഷം രൂപ കൂടി കൈക്കലാക്കി. വീണ്ടും ഒന്നര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ ഇനി പണം തരാൻ പറ്റില്ലെന്ന് വീട്ടമ്മ പറഞ്ഞതോടെ പണം തന്നില്ലെങ്കിൽ നിങ്ങൾക്കും മക്കൾക്കും വലിയ ആപത്തുണ്ടാകുമെന്ന രീതിയിൽ ഭയപ്പെടുത്തി. അത് ഞങ്ങൾ സഹിച്ചോളാമെന്ന് പറഞ്ഞ് വീട്ടമ്മ ഫോൺ കട്ട് ചെയ്യുകയായിരുന്നു. വീണ്ടും മന്ത്രവാദിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ഉപ്പളയിലെ രണ്ട് യുവാക്കളോട് സംഭവം അറിയിക്കുകയായിരുന്നു. യുവാക്കൾ മന്ത്രവാദിയുടെ മുറിയിലെത്തി കൈകാര്യം ചെയ്യുകയും പണം ഗൂഗിൾ പേ വഴി വീട്ടമ്മക്ക് മന്ത്രവാദിയെ കൊണ്ട് തിരിച്ചയപ്പിക്കുകയുമായിരുന്നു. കർണാടക സ്വദേശിയാണ് മന്ത്രവാദി. വർഷങ്ങളോളമായി ഉപ്പളയിൽ ദുർ മന്ത്രവാദം നടത്തി വരുന്നതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.