ആലുവ: നിർധന രോഗികൾക്ക് തണലേകുന്ന കോറയുടെ 'മെഡിസിൻ ബോക്സ്' പദ്ധതിയിൽ മരുന്ന് ശേഖരണപ്പെട്ടികൾ അമ്പതായി. റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻസ് ആലുവ (കോറ) 2017 നവംബർ ഒന്നിനാണ് നിർധന രോഗികൾക്ക് മരുന്ന് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ആലുവയുടെ വിവിധ ഭാഗങ്ങളിൽ കാരുണ്യത്തിെൻറ മരുന്ന് പെട്ടികൾ സ്ഥാനംപിടിച്ചു.
ഭീമമായ ചികിത്സ ചെലവുകൾ താങ്ങാനാകാതെ വിഷമിക്കുന്ന അശരണരും പാവപ്പെട്ടവരുമായ രോഗികളെ സഹായിക്കാനാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ചികിത്സ കഴിഞ്ഞ് ബാക്കിവരുന്ന കാലാവധി കഴിയാത്ത മരുന്നുകൾ ശേഖരിച്ച് ആവശ്യക്കാരായ നിർധനർക്ക് എത്തിച്ചുനൽകലാണ് പദ്ധതി.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും പൊതുജന സമ്പർക്കമുള്ള പ്രദേശങ്ങളിലുമായി കോറ മരുന്ന് ശേഖരണ പെട്ടികൾ സ്ഥാപിച്ചത്. ആദ്യതവണ ലഭിച്ച മരുന്നുകൾ ആലുവ ജില്ല ആശുപത്രിക്കും പിന്നീട് ലഭിച്ചത് വെളിയത്തുനാട് വെൽഫെയർ ട്രസറ്റ് അഗതി മന്ദിരത്തിനുമാണ് നൽകിയത്. 'തണൽ' അടക്കമുള്ള പാലിയേറ്റിവ് ചികിത്സ യൂനിറ്റുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവക്കും മരുന്നുകൾ നൽകിവരുന്നു.
കോറ പ്രസിഡൻറ് പി.എ. ഹംസക്കോയയാണ് പദ്ധതിയുടെ ഉപജ്ഞാതാവ്. പെട്ടികൾക്ക് സ്പോൺസർമാരെ കണ്ടെത്തൽ, സ്ഥാപിക്കൽ, മരുന്നുകൾ ശേഖരിക്കൽ തുടങ്ങിയ കർത്തവ്യങ്ങളും അദ്ദേഹം ഏറ്റെടുത്ത് നടത്തുന്നുണ്ട്. അമ്പതാമത്തെ പെട്ടി ആലുവ മെട്രോ സ്റ്റേഷെൻറ പടിഞ്ഞാറെ കവാടത്തിൽ സംവിധായകൻ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
രോഗചികിത്സക്ക് സഹായം നൽകലാണ് ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകനായ സോണി സെബാസ്റ്റ്യൻ നൽകിയ മരുന്നുകൾ പെട്ടിയിൽ സിദ്ദീഖ് പെട്ടിയിൽ നിക്ഷേപിച്ചു. ഡോ. ടോണി ഫെർണാണ്ടസ് അധ്യക്ഷതവഹിച്ചു.
പെട്ടികളിലെ മരുന്നുകൾ സമയാസമയം സംഭരിക്കുന്ന ഷംസു വേളക്കത്തല, ഏറ്റവും കൂടുതൽ മരുന്നുകൾ നൽകിയ ഭാരത ഫാർമസി ഉടമ ടി.എം. സുകുമാരൻ, ഏറ്റവും വേഗത്തിൽ മരുന്നുകൾ നിറയുന്ന പെട്ടിയിരിക്കുന്ന സെൻറ് ഡൊമിനിക് ചർച്ച് വികാരി ഫാ. വർഗീസ് പൊറ്റക്കൽ, സിവിൽ സ്റ്റേഷൻ കവാടത്തിലെ പെട്ടി സംഭരിക്കുന്ന കലാം എന്നിവരെ സിദ്ദീഖ് പൊന്നാട അണിയിച്ച് ആദരിച്ചു. കോറ പ്രസിഡൻറ് പി.എ. ഹംസക്കോയ സ്വാഗതവും സെക്രട്ടറി ജയപ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.