ആലുവ: ഗാന്ധിജിയുടെ പാദസ്പർശത്താൽ ചരിത്രത്തിൽ ഇടംപിടിച്ച ആലുവയുടെ പ്രിയ കലാലയം നൂറിെൻറ നിറവിൽ. യു.സി കോളജിെൻറ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷ പരിപാടി മാര്‍ച്ചിൽ തുടങ്ങും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ കെ.സി. ചാക്കോ, എ.എം. വര്‍ക്കി, വി.എം. ഇട്ടിയരാ, സി.പി. മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു 1921 ജൂൺ എട്ടിന് കോളജ് സ്ഥാപിച്ചത്. കച്ചേരിയായി പ്രവർത്തിച്ചിരുന്ന കെട്ടിടവും 17 ഏക്കർ സ്ഥലവും തിരുവിതാംകൂർ രാജാവ് കോളജ് നിർമിക്കാനായി നൽകുകയായിരുന്നു. രണ്ടു നൂറ്റാണ്ട് മുമ്പ് രാജഭരണകാലത്ത് വധശിക്ഷ നടപ്പാക്കാൻ അധികാരമുള്ള കോടതിയായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. കെട്ടിടമുണ്ടായിരുന്നത് കുന്നിെൻറ മുകളിലായതിനാലാണ് ഈ സ്ഥലം കച്ചേരിക്കുന്ന് എന്ന പേരിൽ അറിയപ്പെടുന്നത്.
വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധി 1925 മാര്‍ച്ച് 18ന് യു.സി കോളജിലെത്തി. കോളജിെൻറ മുറ്റത്ത് മാവിന്‍തൈ നടുകയും ചെയ്തു. കോളജിലെ വിദ്യാര്‍ഥികളാണ് ഗാന്ധിയെ ക്ഷണിച്ചത്. ഗാന്ധിയെ കൂടാതെ നൊബേൽ ജേതാവ് രവീന്ദ്രനാഥ ടാഗോർ, ഡോ. എസ്. രാധാകൃഷ്ണൻ, ഡോ. ശങ്കർദയാൽ ശർമ, ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നിവരും പല കാലങ്ങളിലായി കോളജിലെത്തിയിട്ടുണ്ട്.
പ്രശസ്തരായ വിദ്യാര്‍ഥികളും അധ്യാപകരുമാണ് കോളജിെൻറ സമ്പത്ത്. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍, എഴുത്തുകാരന് പി. ഗോവിന്ദപിള്ള എന്നിവര്‍ യു.സി കോളജ് വിദ്യാര്‍ഥികളാണ്. ഇരുവരുടെയും പേരില്‍ പുതിയ ലൈബ്രറി കെട്ടിടം നിർമിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ അഞ്ച് കോടി അനുവദിച്ചിരുന്നു.
മലയാറ്റൂര്‍ രാമകൃഷ്ണൻ, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തുടങ്ങിയ പ്രമുഖര്‍ ഇവിടത്തെ വിദ്യാര്‍ഥികളായിരുന്നു.
കച്ചേരിമാളികക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന മഹാഗണിതം ശില്പം ശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി അടുത്തിടെ അറ്റുകുറ്റപ്പണി നടത്തി പുനര്‍നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.