അങ്കമാലി (എറണാകുളം): ബാംബു കോര്‍പറേഷനില്‍ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച റോജി എം. ജോണ്‍ എം.എല്‍.എ.യുടെ പ്രസ്താവന അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കോര്പറേഷന് ചെയര്മാന് കെ.ജെ. ജേക്കബ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കോർപറേഷനില്‍ 20പേരെ പിന്‍വാതില്‍ നിയമനം നടത്തുന്നതെന്നാണ് എം.എല്‍.എയുടെ ആരോപണം. എന്നാല്‍, പി.എസ്.സി വഴി 47 പേരെയാണ് എടുക്കുന്നത്. മാനേജീരിയില്‍ തസ്തികയിലും വേറെയും ആളുകളെ എടുക്കുന്നുണ്ട്. രണ്ട് പത്രങ്ങളില്‍ പരസ്യവും നല്കി.
6000ത്തോളം പേരാണ് തൊഴിലിനായി അപേക്ഷിച്ചത്. പരീക്ഷ നടത്തുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്. പരീക്ഷക്ക് ശേഷം ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ നിയമനം നടത്തുകയുള്ളൂവെന്നും ചെയര്മാന് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേതാവായ മുന്‍ ചെയര്മാന് 2015ല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് 20പേരെ നിയമിച്ചത്. അതിനാല്‍ ഇന്നും അവരെ സ്ഥിരപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ലക്ഷ്യബോധമില്ലാതെ കെടുകാര്യസ്ഥതയോടെ പ്രവര്‍ത്തിച്ചതിനാല്‍ ഉൽപാദന ചെലവ് അധികമാവുകയും ബാംബു ടൈല്‍ അന്ന് വില്ക്കാന് സാധിക്കാതെ വരുകയും ചെയ്തു.
അങ്കമാലി റെയില്‍വെ സ്റ്റേഷനടുത്തെ 20 കോടിയോളം വിലമതിക്കുന്ന കോര്‍പറേഷെൻറ കണ്ണായ സ്ഥലം ജോയി ഇഷ്ടക്കാരന് ചുളുവിലക്ക് വാടകക്ക് നല്കിയതിനാല് സ്ഥലം വീണ്ടെടുക്കാന്‍ കോര്പറേഷന് ഇപ്പോഴും കോടതികയറി ഇറങ്ങുകയാണെന്നും ചെയര്മാന് കുറ്റപ്പെടുത്തി. മാറി വരുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കിയും ലാഭകരവും നൂതനവുമായ പദ്ധതികള്‍ ആവിഷ്കരിച്ചും കോര്‍പറേഷനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ ശ്രമിക്കുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ എ.എം. അബ്ദുല്‍ റഷീദും പറഞ്ഞു.
ബാംബു ഫൈബര്‍ ഉപയോഗിച്ച് പ്ലൈവുഡും ബാംബു ലംപറും ഉണ്ടാക്കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ഡബ്ല്യു.എസ്.ടിയുടെ സഹായത്തോടെ മുന്നോട്ടുപോവുകയാണ്. ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ടി.പി. ദേവസിക്കുട്ടിയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.