എടത്തല: കൊടികുത്തുമല-മെഡിക്കൽ കോളജ് റോഡിൽ സഞ്ചരിക്കാൻ വഞ്ചിയിറക്കേണ്ട അവസ്ഥ. എടത്തല പഞ്ചായത്തിലെ പൊതുമരാമത്ത് റോഡാണ് ഏതാനും നാളുകളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. മഴ തുടങ്ങിയതോടെ റോഡിൽ വെള്ളം നിറഞ്ഞ അവസ്ഥയാണ്. ജൽ ജീവൻ പദ്ധതിയുടെ പണികളാണ് റോഡിന് പാരയായത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥയാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഇതുവരെ പണി പൂർത്തിയാക്കി റോഡ് കൈമാറാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന് പണി ചെയ്യാനാകുന്നില്ല. പൈപ്പിട്ട ഭാഗങ്ങളിൽ കരാറുകാർ മെറ്റലിട്ട് നികത്തേണ്ടതുണ്ട്. എന്നാൽ, അത് ചെയ്തിട്ടില്ല. അതിനാൽ തന്നെ ഈ ഭാഗങ്ങളെല്ലാം താഴ്ന്നു. മഴ തുടങ്ങിയതോടെ റോഡിൽ വെള്ളക്കെട്ട് പതിവാണ്.
ഇതുമൂലം ഇരുചക്ര വാഹനയാത്രക്കാർക്കോ കാൽനടക്കാർക്കോ സഞ്ചരിക്കാൻ പറ്റുന്നില്ല. റോഡ് സൈഡിൽ വലിയ വാഹനങ്ങൾ താഴുന്നതും പതിവാണ്. പൈപ്പിടാൻ കുഴിയെടുത്ത മണ്ണ് കാനകളിൽ വീണിരുന്നു. ഇത് നീക്കം ചെയ്യാത്തതിനാൽ കാനകളിലൂടെ വെള്ളം ഒഴുകുന്നില്ല. കാനകൾ ശുചീകരിക്കാൻ പൊതുമരാമത്ത് അധികൃതർ തയാറാകുന്നില്ലെന്ന് ഇവിടത്തെ വ്യാപാരിയും എൻ.സി.പി ബ്ലോക്ക് പ്രസിഡന്റുമായ അനൂപ് നൊച്ചിമ ആരോപിക്കുന്നു. പൊതുമരാമത്ത് കാനയായതിനാൽ പഞ്ചായത്തിന് ശുചീകരിക്കാൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് അംഗം അഫ്സൽ കുഞ്ഞുമോൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.