കോതമംഗലം: ചെറുവട്ടൂര്‍ കക്ഷായിപ്പടി-ഊരംകുഴി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അനധികൃതമായി മതില് പൊളിച്ചതിന് കരാറുകാര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തു. റോഡിന് വീതികൂട്ടാന്‍ ഇരുവശങ്ങളിലേയും സ്ഥല ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയോ ഭൂമി വിട്ടുനല്‍കാന്‍ ആവശ്യപ്പെടുകയോ ചെയ്യാതെ അനധികൃതമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിലുകളും അതിരുകളും നശിപ്പിച്ച് നഷ്ടം വരുത്തിയതിനാണ് കേസ്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് മതിലുകള്‍ ബലമായി രാത്രിയിൽ പൊളിച്ചുനീക്കിയത്. വിഷയം തീര്‍ക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറിെൻറ നേതൃത്വത്തില്‍ മധ്യസ്ഥശ്രമം നടന്നിരുന്നു. റോഡിന് ആവശ്യമായ ഭൂമി എടുത്ത്, മതില് കരാറുകാരന് നിര്മിച്ചുനല്കാം എന്ന വ്യവസ്ഥയില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കിയെങ്കിലും മതിലുകള്‍ നിർമിച്ചുനല്‍കാതെ കരാറുകാരൻ കഴിഞ്ഞ ദിവസം ടാറിങ് ജോലികള്‍ക്കായ് എത്തുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം. ബഷീറും പ്രദേശവാസികളും ചേര്‍ന്ന് റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തു.
കോതമംഗലം സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അനധികൃതമായി മതില് പൊളിച്ചതിന് പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് കരാറുകാരായ മൂന്നുപേർക്കും ജെ.സി.ബി ഡ്രൈവര്‍ക്കും ഇവര്‍ക്ക് സഹായം നല്കിയ ആൾക്കുമെതിരെ കോതമംഗലം പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.