പറവൂർ: ചെണ്ടുമല്ലികൃഷിയുടെ വിജയത്തിെൻറ പിൻബലത്തിൽ ചേന്ദമംഗലം പഞ്ചായത്തിൽ വ്യാപകമായി കൂർക്ക കൃഷിയിലേക്ക്. ആദ്യമായാണ് വിപുലമായ രീതിയിലും പരീക്ഷണാടിസ്ഥാനത്തിലും കൂർക്ക കൃഷി ആരംഭിച്ചത്. 250കിലോ വരുന്ന മുള വന്ന വിത്ത് കൂർക്കകളാണ് കർഷകർക്ക് വിതരണം ചെയ്തത്. പഞ്ചായത്തിലെ18 വാർഡുകളിലായി 20 കർഷക ഗ്രൂപ്പുകളും നൂറോളം വരുന്ന കർഷകരുമാണ് അത്ര പരിചിതമല്ലാത്ത കൂർക്കകൃഷി ചെയ്യാൻ തയാറായത്. ഇപ്പോൾ കൃഷി ഇറക്കി ഡിസംബർ ആദ്യവാരത്തോടെ വിളവെടുക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കൃഷി ഓഫിസർ പി.സി. ആതിര പറഞ്ഞു.ഡിസംബറിൽ വിളവെടുക്കാൻ കഴിയുന്ന രീതിയിൽ കാബേജ്, ക്വാളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നീ വിളകളുടെ തൈകളും അടുത്ത ദിവസങ്ങളിലായി കൃഷി ഭവനിൽനിന്നും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.
നാട്ടിലെ കർഷകർ ഉൽപാദിപ്പിക്കുന്ന വിളവുകൾ നാട്ടിൽ തന്നെ സംഭരിക്കാനും വിറ്റഴിക്കാനും എല്ലാവാർഡുകളിലും നാട്ടുപച്ച എന്ന പേരിൽ ഒക്ടോബർ മാസം ആരംഭത്തോടെ പച്ചക്കറി സംഭരണ വിതരണ കേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. അനൂപ് അറിയിച്ചു.
പഞ്ചായത്തിൽ അവശേഷിക്കുന്ന തരിശു ഭൂമികൾകൂടി കണ്ടെത്തി കൊണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ പഴവർഗ കൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.