പറവൂർ: ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വ്യാജ ടിക്കറ്റ് നൽകി വിൽപനക്കാരനിൽനിന്ന് പണം തട്ടിയതായി പരാതി. വാവക്കാട് പള്ളത്ത് ഹരിയാണ് (68) പറവൂർ പൊലീസിൽ പരാതി നൽകിയത്. പറവൂർ വെസ്റ്റ് സഹകരണ ബാങ്കിന് മുന്നിൽ ലോട്ടറി വിൽക്കുന്നയാളാണ് ഹരി. കൊടുങ്ങല്ലൂരിലെ ഏജൻസിയിൽനിന്ന് ലോട്ടറി വാങ്ങിയാണ് വിൽപന നടത്തുന്നത്.
ചൊവ്വാഴ്ച രാവിലെ 10നും 11നും മധ്യേ ഇരുചക്ര വാഹനത്തിൽ എത്തിയ യുവാവ് തനിക്ക് രണ്ട് ലോട്ടറി ടിക്കറ്റുകളിൽ 5,000 രൂപ വീതം സമ്മാനം അടിച്ചെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ട് ടിക്കറ്റ് കൈമാറി. തന്റെ കൈവശമുണ്ടായിരുന്ന സമ്മാനം അടിച്ച നമ്പറുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റിലെ നമ്പർ കൃത്യമായിരുന്നതിനാൽ ഹരി ടിക്കറ്റുകൾ വാങ്ങി 10,000 രൂപ നൽകി. 1,600 രൂപക്ക് ഹരിയുടെ കൈയിൽനിന്ന് വേറെ ടിക്കറ്റുകളും എടുത്താണ് യുവാവ് പോയത്.
സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് യുവാവ് നൽകിയ ടിക്കറ്റുകളുമായി ഹരി കൊടുങ്ങല്ലൂരിലെ ഏജൻസിയിൽ ചെന്നപ്പോഴാണ് വ്യാജ ടിക്കറ്റുകളാണെന്ന് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. യഥാർഥ ടിക്കറ്റിന്റെ അതേ വലുപ്പത്തിലാണ് വ്യാജ ടിക്കറ്റും തയാറാക്കിയിരിക്കുന്നത്. പണം തട്ടിയ ആൾ ഹെൽമറ്റ് വെച്ചിരുന്നതിനാൽ മുഖം കൃത്യമായി കാണാൻ സാധിച്ചില്ല. ഇയാൾ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹകരണ ബാങ്കിന്റെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.